ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കു വിരോധമുള്ള ഡിജിപിയും എഡിജിപിയും ഉൾപ്പെടെ 3 പേരെ വിജിലൻസ് അന്വേഷണത്തിൽ കുടുക്കാൻ സ്ഥാനമൊഴിയുന്നതിനു മുൻപ് വിജിലൻസ് ഡയറക്ടറുടെ നീക്കം. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രാഥമികാന്വേഷണത്തിൽ തന്നെ ആരോപണങ്ങൾ തള്ളി വിജിലൻസ് സംഘം റിപ്പോർട്ട് നൽകി. പുതിയ വിജിലൻസ് ഡയറക്ടർ ചുമതലയേൽക്കാൻ രണ്ടാഴ്ച വൈകിയ സമയത്താണ് ഡിജിപി സുദേഷ് കുമാറിന്റെ ഈ പകപോക്കൽ ശ്രമം. ഇപ്പോൾ ജയിൽ മേധാവിയായ സുദേഷ് കുമാർ ഒക്ടോബറിൽ വിരമിക്കും.

തന്റെ മകൾക്കെതിരായ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി പ്രകാശൻ കാണി, മേൽനോട്ടം വഹിച്ച എഡിജിപി എസ്.ശ്രീജിത്ത്, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു തനിക്കൊപ്പം പരിഗണനയിൽ ഉണ്ടായിരുന്ന ഡിജിപി ടോമിൻ തച്ചങ്കരി എന്നിവർക്കെതിരെയാണു സുദേഷ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒന്നിലും തെളിവില്ലെന്നും രണ്ട് അന്വേഷണങ്ങൾക്ക് ആധാരമാക്കിയത് ഊമക്കത്തുകൾ ആയിരുന്നെന്നും വിജിലൻസ് സംഘം റിപ്പോർട്ട് നൽകി. 

ഗവാസ്കർ എന്ന പൊലീസുകാരനെ സുദേഷിന്റെ മകൾ മർദിച്ചെന്ന കേസ് അന്വേഷിച്ചത് ഈയിടെ ഐപിഎസ് ലഭിച്ച പ്രകാശൻ കാണിയാണ്. മർദിച്ചിട്ടുണ്ടെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച അദ്ദേഹം കുറ്റപത്രം നൽകാൻ ഒരു വർഷം മുൻപ് ശുപാർശ ചെയ്തു. ഈ യുവതിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി ഗവാസ്കർക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തി ആ കേസ് അവസാനിപ്പിക്കാനും എസ്പി അനുമതി തേടി. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനാണു റിപ്പോർട്ട് നൽകിയത്. 

പിന്നീട് ഷേയ്ക്ക് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവി ആയപ്പോൾ കുറ്റപത്രം നൽകാൻ വീണ്ടും അനുമതി തേടിയെങ്കിലും നൽകിയില്ല. കുറ്റപത്രം നൽകാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മാസങ്ങളായി ഇവിടെ പൂഴ്ത്തിവച്ചിരിക്കുകയാണ്. അതിനിടെ മകൾക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വഴി സമ്മർദം ചെലുത്തിയെങ്കിലും പ്രകാശൻ കാണി വഴങ്ങിയില്ല. അവസാനശ്രമമെന്ന നിലയിലാണു വിജിലൻസ് അന്വേഷണം പ്രയോഗിച്ചത് എന്നാണു സൂചന. 

വടിയൊടിഞ്ഞ വിജിലൻസ് എൻക്വയറി

നിക്കോളാസ് ബെഞ്ചമിൻ എന്നയാളുടെ പേരിലുള്ള ഊമക്കത്താണു പ്രകാശൻ കാണിക്കെതിരായ അന്വേഷണത്തിന് ആധാരമാക്കിയത്. കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒതുക്കാൻ എസ്പി കോഴ വാങ്ങിയെന്നായിരുന്നു പരാതി. എന്നാൽ ഇങ്ങനെയൊരു പരാതിക്കാരൻ ഇല്ലെന്നു വിജിലൻസ് കണ്ടെത്തി. 

മകൾക്കെതിരായ കേസ് ഒതുക്കാൻ എസ്പിക്കു മേൽ സമ്മർദം ചെലുത്തിയില്ല എന്നതായിരുന്നു എഡിജിപി എസ്.ശ്രീജിത്തിനോടുള്ള വിരോധത്തിനു കാരണമെന്നു കരുതുന്നു. ഇദ്ദേഹത്തിനെതിരായ അന്വേഷണവും ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എഡിജിപിയെ കണ്ടിട്ടില്ലെന്നും പരാതി നൽകിയിട്ടില്ലെന്നും വിലാസക്കാരൻ വിജിലൻസിനെ അറിയിച്ചു.  

കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡി ആയിരിക്കെ വായ്പക്കുടിശിക വരുത്തിയ ചിലരുടെ വസ്തു ലേലം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ടോമിൻ തച്ചങ്കരിക്കെതിരായ പരാതി. അതും വ്യാജമാണെന്നു വിജിലൻസ് കണ്ടെത്തി.

സുദേഷിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ

സുദേഷ് കുമാറിനെതിരായ ആരോപണങ്ങൾ അടങ്ങിയ പരാതിയിൽ അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ആഴ്ചകളായി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഒരു ജ്വല്ലറിയിൽനിന്നു സ്വർണം വാങ്ങിയതിലും വിദേശയാത്ര നടത്തിയതിലും അഴിമതി ഉന്നയിച്ചു ലഭിച്ച പരാതിയിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തിയത്.

English Summary: Investigation ordered against dgp, adgp and sp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com