ADVERTISEMENT

കോഴിക്കോട് ∙ ഫ്രഞ്ച് സിനിമയായ ‘എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ’ പ്രദർശനത്തോടെ 3 ദിവസത്തെ രാജ്യാന്തര വനിതാ ചലച്ചിത്ര മേളയ്ക്ക് കൈരളി തിയറ്ററിൽ തിരശീല ഉയർന്നു. ലെയ്‌‍ല ബൗസിദ് എന്ന സംവിധായികയുടെ കൈയടക്കത്തിൽ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം കാമാസക്തികളിൽ നിന്നുള്ള സ്വയം ചെറുത്തു നിൽപിനെക്കുറിച്ചുള്ളതാണ്. ഉദ്ഘാടന ചിത്രമായി 26–ാമത് ഐഎഫ്എഫ്കെ യിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും നേടിയ സ്പാനിഷ് സിനിമ ‘ക്ലാര സോള’ പ്രദർശിപ്പിച്ചു. 

കാമില അൻഡിനി യുടെ യുനി, ഇനസ് മരിയ ബാറിയോനുയേവ യുടെ കമീല കംസ് ഔട്ട് ടുനൈറ്റ്, ഐമി ബറൂവ യുടെ സെംഖോർ, റെനു സാവന്തിന്റെ ക്രൈം ആൻഡ് എക്സ്പിയേഷൻ ബൈ ജെജെ ഗ്രാൻഡ്‌വില്ലെ ഓർ ഹൗ ടു ഷൂട്ട് ആൻ ഓപ്പൺ സീക്രട്ട്, മധുലിക ജലാലി ന്റെ ഹോം അഡ്രസ്, ഐ.ജി. മിനിയുടെ ഡൈവോഴ്സ് എന്നീ സിനിമകളും ഇന്നലെ മേളയിൽ പ്രദർശിപ്പിച്ചു. മേള മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ് ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കോഴിക്കോട് ജന്മദേശവും പ്രധാന പ്രവർത്തന മേഖലയുമായ നടികളായ വിധുബാല, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, പുഷ്പ കല്ലായി, എൽസി സുകുമാരൻ, അജിത നമ്പ്യാർ, കബനി ഹരിദാസ്, സീമ ഹരിദാസ് എന്നിവരെ ആദരിച്ചു.  

ഉദ്ഘാടന വേദിയിൽ കുഞ്ഞില മാസിലാമണിയുടെ പ്രതിഷേധം

കോഴിക്കോട് ∙ മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രീഡം ഫൈറ്റ് എന്ന സിനിമയുടെ സംവിധായിക കുഞ്ഞില മാസിലാമണി മേളയുടെ ഉദ്ഘാടന സ്റ്റേജിൽ പ്രതിഷേധിച്ചു. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനു ഒന്നര മണിക്കൂർ മുൻപ് സ്റ്റേജിൽ കയറിയിരുന്നാണ് പ്രതിഷേധിച്ചത്. തുടർന്നു കസബ പൊലീസെത്തി കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. 

കാര്യങ്ങളറിയാതെ മേളയുടെ വേദിക്കു മുൻപിൽ നടത്തിയ പ്രതിഷേധം ഭൂഷണമല്ലെന്ന് ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലോ തിയറ്ററിലോ പ്രദർശിപ്പിച്ച ഒരൊറ്റ സിനിമയും മേളയിൽ പ്രദർശിപ്പിക്കുന്നില്ല. ഇതിൽ ഒരാൾക്കു വേണ്ടി മാത്രം മാറ്റം വേണമെന്നു പറയാനാവില്ല. സാമാന്യ ധാരണ പോലുമില്ലാതെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Womens film festival: Director Kunjila Masilamani in Police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com