ADVERTISEMENT

പയ്യാവൂർ (കണ്ണൂർ) ∙ എലിക്കുളം പഴയിടത്തു വീടിന്റെ കാതും നാവുമാണ് 78 വയസ്സുള്ള അന്നമ്മ ഏബ്രഹാം. മകൻ പി.എ.ഐസക്കും ഭാര്യ റജിയും അവരുടെ മക്കളായ ഐബിനും ആരോണും കേൾവി – സംസാര ശേഷി ഇല്ലാത്തവരാണ്. ഇവർക്കായുള്ള വിശ്രമമില്ലാത്ത ഓട്ടത്തിൽ എല്ലുകൾ തേഞ്ഞ‌തോടെ മാസങ്ങളായി അന്നമ്മ കിടപ്പിലാണ്. ഇനി ഈ 4 പേർക്കു വേണ്ടി ആരു സംസാരിക്കും എന്ന ആധിയാണ് ഇവരുടെ വാക്കുകളിൽ മുഴുവൻ.

മകന്റെ മക്കളിൽ ഒരാൾക്കെങ്കിലും സംസാരശേഷി ലഭിക്കാനായി അന്നമ്മ ഓടാത്ത വഴികളില്ല. ഐബിന് 7 മാസമായപ്പോഴേ കേൾവി ശേഷി ഇല്ലെന്ന് അന്നമ്മ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 3ാം വയസ്സിൽ ഐബിന് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തു. 

9 മാസത്തിനു ശേഷം സാധാരണ കുട്ടികളെപ്പോലെ സംസാരിക്കുന്ന ഐബിനുമായാണ് അവർ തിരിച്ചെത്തിയത്. അപ്പോഴേക്കും വീട്ടിൽ ഐബിന്റെ അനുജൻ ആരോൺ ശബ്ദമില്ലാതെ പിച്ചവച്ചു തുടങ്ങിയിരുന്നു. കമ്പല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ 6ാം ക്ലാസിലാണ് ഐബിൻ ഇപ്പോൾ പഠിക്കുന്നത്. ഒന്നര മാസം മുൻപ് കോക്ലിയർ ഇംപ്ലാന്റിന്റെ പ്രോസസർ തകരാറിലായതോടെ ഐബിന്റെ കേൾവി വീണ്ടും നഷ്ടപ്പെട്ടു. പുതിയതു വാങ്ങാൻ 85000 രൂപ വേണം. ബാറ്ററി മാറ്റേണ്ടി വന്നാൽ തുക പിന്നെയും ഉയരും. തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ സ്വീപ്പറായ ഐസക്കിന്റെ തുച്ഛ വരുമാനത്തിൽ നിന്നാണ് വീട്ടുചെലവും യാത്രാ ചെലവും അന്നമ്മയുടെ ചികിത്സയും എല്ലാം നടത്തുന്നത്. പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും മാസങ്ങൾക്കു ശേഷമേ ലഭിക്കാൻ ഇടയുള്ളൂ. ഏറെനാൾ കേൾക്കാതിരുന്നാൽ ഐബിന്റെ സംസാരശേഷി നഷ്ടപ്പെടും. 

 

English Summary: Story about Annamma Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com