വീട്ടിലേക്കു മീൻ വാങ്ങാനും മോൻസൻ ഡിഐജിയുടെ വാഹനം ഉപയോഗിച്ചെന്നു വെളിപ്പെടുത്തൽ
Mail This Article
കൊച്ചി ∙ വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ കോവിഡ് ലോക്ഡൗണിൽ വീട്ടിലേക്കു മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ദുരുപയോഗിച്ചതായി ചേർത്തല സ്വദേശി ജെയ്സൻ വെളിപ്പെടുത്തി. പൊലീസുകാർക്കു മദ്യക്കുപ്പി എത്തിച്ചു നൽകിയത് ഇതേ വാഹനത്തിലാണ്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു മോൻസൻ മടങ്ങിയതു ബീക്കൻ ലൈറ്റ് ഇട്ടായിരുന്നു. തൃശൂരിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തടസ്സമില്ലാതെ വേഗത്തിൽ എത്താനാണ് ഇങ്ങനെ ചെയ്തത്.
ന്യൂഡൽഹിയിൽ മോൻസൻ താമസിച്ചിരുന്നതു നാഗാലാൻഡ് പൊലീസ് ക്യാംപിലാണ്. ഐജി ജി. ലക്ഷ്മണയാണ് ഇതിന് ഒത്താശ ചെയ്തത്. മോൻസന്റെ സുഹൃത്തുക്കൾക്കു കോവിഡ് കാലത്തു സഞ്ചരിക്കാനുള്ള പാസ് നൽകിയിരുന്നത് സുരേന്ദ്രനാണെന്നും ഒടുവിൽ ആവശ്യത്തിന് ഉപയോഗിക്കാനായി പാസുകളും സീലും മോൻസനെ ഏൽപ്പിച്ചെന്നും ജെയ്സൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾക്കു തെളിവു നൽകാൻ ജെയ്സനു കഴിഞ്ഞിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
മോൻസനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെങ്കിലും തട്ടിപ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥരാരും പങ്കാളികളായിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വസ്തുതാപരമല്ലെന്നും അന്വേഷണം സിബിഐക്കു കൈമാറണമെന്നുമാവശ്യപ്പെട്ടു പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് പുതിയപുരയിൽ മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിച്ചിരുന്നു.
English Summary: Monson Mavunkal had used the official vehicle of the Police DIG