ഇന്തൊനീഷ്യൻ ജയിലിലെ ഇന്ത്യക്കാരെ നാളെ നയതന്ത്രസംഘം സന്ദർശിക്കും
Mail This Article
കൊച്ചി ∙ ഇന്തൊനീഷ്യയിലെ ജയിലിൽ കഴിയുന്ന 3 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാളെ തിരുവോണദിനത്തിൽ സന്ദർശിക്കാൻ ഇന്ത്യൻ കോൺസുലർ ജനറലിനും സംഘത്തിനും അനുമതി ലഭിച്ചു. കഴിഞ്ഞ മാർച്ച് 7നു മത്സ്യബന്ധനത്തിനിടെ ബോട്ടിനു യന്ത്രത്തകരാർ സംഭവിച്ച് അബദ്ധത്തിൽ സമുദ്രാതിർത്തി കടന്നതാണ് ഇവർ പിടിക്കപ്പെടാൻ കാരണം. തിരുവനന്തപുരം കഠിനംകുളം വെട്ടുതുറ സ്വദേശി എസ്.സിജിൻ, പുതുക്കുറുശ്ശി സ്വദേശി ജെ.ജോമോൻ, തമിഴ്നാട് പൂത്തുറൈ സ്വദേശി വി.ഇമ്മാനുവൽ എന്നിവരുടെയും കുടുംബത്തിന്റെയും ദുരവസ്ഥ ഓഗസ്റ്റ് 28നു മലയാള മനോരമ ‘ഞായറാഴ്ച’യിൽ അവതരിപ്പിച്ചിരുന്നു.
ഇന്തൊനീഷ്യയിലെ ബ്യാൻദ ആച്ചി തീരദേശ പ്രവിശ്യയിലാണ് മത്സ്യത്തൊഴിലാളികൾ തടവിൽ കഴിയുന്നത്. ബോട്ടിന്റെ ഉടമയും സ്രാങ്കുമായിരുന്ന മരിയ ജെസിൻദാസ് തടവിൽ മരിച്ചതോടെയാണ് ഇവരുടെ മോചനം വൈകിയത്. കേസിലെ പ്രതിയായിരുന്ന സ്രാങ്കിനു പകരം ഇമ്മാനുവലിനെ എതിർകക്ഷിയും സിജിനെയും ജോമോനെയും സാക്ഷികളുമാക്കി വിചാരണ പൂർത്തിയാക്കി ഇവരുടെ മോചനം വേഗത്തിലാക്കാനാണ് ഇന്തൊനീഷ്യൻ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺസുലേറ്റ് അധികാരികൾ ബന്ധുക്കളെ അറിയിച്ചു.
മൂവർക്കും നിയമസഹായം ഉറപ്പാക്കുന്നതിനുള്ള ചെലവു വഹിക്കണമെന്നു ചൂണ്ടിക്കാട്ടി കേരള, തമിഴ്നാട് സർക്കാരുകൾക്ക് ഓഗസ്റ്റ് 16, 22, 30 തീയതികളിൽ കത്തയച്ചതായും അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായും കോൺസുലേറ്റിലെ അസി. കോൺസുലർ ഓഫിസർ സുരേന്ദ്രകുമാർ ബന്ധുക്കളെ അറിയിച്ചു.
English Summary: Diplomatic team to visit indians in indonesia jail