ഭിന്നശേഷി സംവരണം എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിലും
Mail This Article
കൊച്ചി ∙ ഭിന്നശേഷി സംവരണം എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിലും പാലിക്കണം. ഈ സംവരണം നടപ്പാക്കാതെ 2018 നവംബർ 18നു ശേഷം നടത്തിയ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്നുള്ള മുൻ ഉത്തരവ് ഹയർ സെക്കൻഡറിക്കും ഹൈക്കോടതി ബാധകമാക്കി. എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ ഭിന്നശേഷിക്കാരെ ഒഴിവാക്കി പൊതുവിദ്യാഭ്യാസ (ഹയർ സെക്കൻഡറി) ഡയറക്ടർ 2022 ഫെബ്രുവരി ഒന്നിനു പുറപ്പെടുവിച്ച ഉത്തരവു നിയമപരമല്ലെന്നു കണ്ട് കോടതി റദ്ദാക്കിയിട്ടുമുണ്ട്.
വിവിധ ഭിന്നശേഷി വിഭാഗങ്ങളിൽപെട്ട കോഴിക്കോട് സ്വദേശി എം.കെ.ഹരികൃഷ്ണനും മറ്റും നൽകിയ ഹർജിയിലാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. ഭിന്നശേഷി സംവരണം നടപ്പാക്കാതെ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണു ഹർജി.
സാമൂഹിക നീതി വകുപ്പിന്റെ 2020 ഓഗസ്റ്റ് 28ലെ ഉത്തരവിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികകളിൽ ഹയർ സെക്കൻഡറി അധ്യാപക തസ്തികകൾ പറയുന്നില്ല. തുടർന്ന്, ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അധ്യാപക നിയമനത്തിന് അംഗീകാരം തേടുന്ന മറ്റ് അപേക്ഷകളിൽ തീരുമാനം ആകാമെന്നു വ്യക്തമാക്കുകയും സ്കൂൾ മാനേജർ ഭിന്നശേഷിക്കാരെ ഒഴിവാക്കി നിയമനത്തിനു മുതിരുകയും ചെയ്ത സാഹചര്യത്തിലാണു ഹർജി.
സംവരണ ക്രമം 2 മാസത്തിനകം
കേസിൽ മുൻ ഉത്തരവ് ബാധകമാക്കിയതോടെ, നിയമപ്രകാരം 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളുടെ 3% ഭിന്നശേഷിക്കാർക്കാണ്. 2017 ഏപ്രിൽ 19 മുതലുള്ള ഒഴിവുകളുടെ 4 ശതമാനവും ഇവർക്കുണ്ട്. ഇതു നടപ്പാക്കാൻ മാനേജ്മെന്റുകൾക്കു ബാധ്യതയുണ്ട്. ആദ്യത്തെ ഒഴിവ് അംഗപരിമിതർക്കു നൽകിക്കൊണ്ടുള്ള സംവരണ ക്രമം 2 മാസത്തിനകം തയാറാക്കണം. ഈ സംവരണം നടപ്പാക്കാൻ സർക്കാർ മാനേജർമാരോടു നിർദേശിച്ച 2018 നവംബർ 18 നു ശേഷമുള്ള റിക്രൂട്മെന്റിൽ ഇതു ബാധകമാകും എന്നതാണു സ്ഥിതി.
English Summary: Differently abled reservation in Higher Secondary teacher appointment