ADVERTISEMENT

കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. യഥാർഥ സഹോദരൻമാർ തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണു ഞങ്ങൾ. അസുഖത്തിന്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാറ്റിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് അദ്ദേഹം. ചുമതലകൾ പൂർണ തോതിൽ നിർവഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടുവരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുകയും ചെയ്തു. 

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ ബാലകൃഷ്ണൻ സജീവമായി വിദ്യാർഥി സംഘടനാ പ്രവർത്തനം നടത്തുകയും നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ചെയ്തു. തലശ്ശേരി കലാപകാലത്ത് മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ഇറങ്ങിയ കമ്യൂണിസ്റ്റുകാരുടെ മുന്നണിയിൽ ബാലകൃഷ്ണൻ ഉണ്ടായിരുന്നു. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നതു കോടിയേരിയുടെ കൂടി നേതൃത്വത്തിലാണ്. ഒരേ സമയത്താണ് ഞങ്ങൾ ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമന്റ് കട്ടിലുകളിൽ ആയിരുന്നു കിടന്നിരുന്നത്. പൊലീസ് മർദനമേറ്റ് അവശനിലയിലായിരുന്നു ഞാൻ. ആ അവസ്ഥയിൽ സഹോദരന്റെ കരുതലോടെ ബാലകൃഷ്ണൻ സഹായിച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലേക്ക് ഉയർന്നപ്പോൾ കേരളത്തിലെ പാർട്ടിയുടെ ആകെ കാര്യങ്ങൾ ശ്രദ്ധിക്കാനും സംസ്ഥാനത്താകെയുള്ള പാർട്ടി സഖാക്കൾക്ക് ഒരുപോലെ പ്രിയങ്കരനാകാനും ബാലകൃഷ്ണന് ഏറെ സമയം വേണ്ടിവന്നില്ല. സംഘടനാ തലത്തിലായാലും നിയമസഭയിലായാലും മന്ത്രി എന്ന നിലയിൽ ഭരണ നേതൃത്വത്തിലായാലും മികച്ച രീതിയിൽ ഇടപെടാനും അംഗീകാരം പിടിച്ചുപറ്റാനും കഴിഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ പിണറായി വിജയനോടൊപ്പം. ചിത്രം :  മനോരമ
കോടിയേരി ബാലകൃഷ്ണൻ പിണറായി വിജയനോടൊപ്പം. ചിത്രം : മനോരമ

അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പോലുള്ള ജനസൗഹൃദ പൊലീസിങ് സംസ്‌കാരം ഇവിടെ ഫലപ്രദമായി നടപ്പാക്കാൻ ആരംഭിക്കുന്നത്. പൊലീസിന് ജനകീയ മുഖം നൽകാനും അദ്ദേഹം കാര്യമായി ശ്രദ്ധിച്ചു. പാർട്ടിയെ ഇന്നു കാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും നാടിനും നൽകിയ ഉജ്വല സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി.

English Summary: CM Pinarayi Vijayan Becomes Emotional on Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com