ADVERTISEMENT

തിരുവനന്തപുരം ∙ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സമ്മേളന മധ്യത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സിപിഐ. കോടിയേരിയുടെ നില ഏതാനും ദിവസമായി ഗുരുതരമാണെന്നു നേതാക്കൾക്ക് അറിയാമായിരുന്നെങ്കിലും ഇന്നലത്തെ വേർപാട് അപ്രതീക്ഷിതമായി. സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ നേതാക്കൾക്ക് തലശ്ശേരിയിലേക്കു പോകാൻ കഴിയില്ലെന്ന പ്രയാസവും സിപിഐ നേരിടുന്നു. പാർട്ടി പ്രതിനിധിയായി ഉന്നത നേതാക്കളിൽ ആരെയെങ്കിലും അയയ്ക്കാനാണ് ആലോചന. സമ്മേളന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കാനോ വെട്ടിച്ചുരുക്കാനോ കഴിയില്ല. തിങ്കളാഴ്ചയാണ് സമാപനം. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരിയും ആദ്യമായി നിയമസഭയിലെത്തുന്നത് 1982 ൽ ഒന്നിച്ചായിരുന്നു. അന്ന് കാനത്തിന് 32 വയസ്സ്; കോടിയേരിക്ക് 28. എൽഡിഎഫിലെ യുവ സഭാംഗങ്ങൾ എന്ന അടുപ്പം അന്നേ ഇരുവരും തമ്മിലുണ്ടായി. നിയമസഭാ കമ്മിറ്റികളിലും ഒരുമിച്ച് അംഗങ്ങളായി. ‘ഉശിരനായ സഖാവായിരുന്നു; സ്നേഹസമ്പന്നനും’– കാനം ഓർമിച്ചു. 

കാനം പിന്നീട് പാർട്ടി സെക്രട്ടറി ആയപ്പോൾ കോടിയേരി സിപിഎമ്മിന്റെ അമരക്കാരൻ ആയിരുന്നത് ഇരുവർക്കും കാര്യങ്ങൾ എളുപ്പമാക്കി. ആ സൗഹൃദം രണ്ടു പാർട്ടികളും തമ്മിലുള്ള ബന്ധവും കൂടുതൽ മെച്ചപ്പെടുത്തി. ‘എന്റെ നിലപാടും മനസ്സും എന്താണെന്ന് പറയാതെതന്നെ അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു. തിരിച്ച് അദ്ദേഹത്തിന്റെ സമീപനം എനിക്കും ബോധ്യപ്പെടുമായിരുന്നു’ – കാനം പറഞ്ഞു.

സിപിഐക്ക് ഏറ്റവും പ്രിയങ്കരനായ രാഷ്ട്രീയ നേതാവിനെയാണ് കോടിയേരിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെടുന്നതെന്നു മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കണ്ണൂരുകാർ എന്ന നിലയിൽ തുടങ്ങിയ ബന്ധം പിന്നീട് തിരുവനന്തപുരത്തും തുടർന്നു. ഏതു സമയത്തും എന്തു പ്രശ്നത്തിനും സമീപിക്കാവുന്ന, അതു പരിഹരിക്കാൻ പ്രാപ്തനായ നേതാവായിരുന്നു കോടിയേരി എന്ന് പന്ന്യൻ അനുസ്മരിച്ചു.

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com