ADVERTISEMENT

കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണനെന്ന രാഷ്ട്രീയ വടവൃക്ഷത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നത് തലശ്ശേരിയുടെ മണ്ണിലാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം വേരോടിയ മണ്ണിൽ കോടിയേരിയുടെ ചുവന്ന മനസ്സിന് രാഷ്ട്രീയമായി പാകപ്പെടാൻ അധിക കാലം വേണ്ടി വന്നില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ നേതൃപദവികളിലേക്കുയർന്നു. 

സിപിഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്തു നിന്നാണു പാർട്ടി ജീവിതത്തിനു തുടക്കം. ബിരുദ വിദ്യാർഥിയായിരിക്കെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. ആ സ്ഥാനത്തു പ്രവർത്തിക്കുമ്പോൾ തന്നെ 20–ാം വയസ്സിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 36-ാം വയസ്സിൽ പാർട്ടി കണ്ണൂർ ജില്ലയുടെ കടിഞ്ഞാൺ കോടിയേരിയെ ഏൽപിച്ചു. 

ഇത്രയും കുറഞ്ഞ പ്രായത്തിൽ മറ്റൊരു ജില്ലാ സെക്രട്ടറി മുൻപോ പിൻപോ പാർട്ടിക്ക് ഉണ്ടായിട്ടില്ല. പിണറായിക്കും ടി.ഗോവിന്ദന്റെ ഇടക്കാല നേതൃത്വത്തിനും ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിപദം വിശ്വാസപൂർവം കോടിയേരിയുടെ കൈകളിൽ ഏൽപിച്ചെങ്കിൽ അതിനു കാരണം തലശ്ശേരി നൽകിയ രാഷ്ട്രീയ പിന്തുണയാണ്. 54-ാം വയസ്സിൽ കോടിയേരി പൊളിറ്റ് ബ്യൂറോയിലെത്തുകയും ചെയ്തു. 

രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പാർലമെന്ററി രംഗത്തും ഒരുപോലെ തുടർ വിജയങ്ങൾ നേടിയ കോടിയേരി 4 തവണ നിയമസഭാംഗമായി. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറി പദത്തിൽ തുടങ്ങിയ പ്രയാണത്തിൽ  യഥാർഥ രാഷ്ട്രീയച്ചൂട് കോടിയേരി ബാലകൃഷ്‌ണൻ അനുഭവിച്ചു തുടങ്ങിയത് ജില്ലാ സെക്രട്ടറിയായിരിക്കെയാണ്. 

ഏതു പദവിയിലിരിക്കുമ്പോഴും തലശ്ശേരി അദ്ദേഹത്തെ മാടി വിളിച്ചിരുന്നു. വികസനം, രാഷ്ട്രീയം, സാംസ്കാരികം, വിനോദം തുടങ്ങി ഏതിനുമൊപ്പം മുന്നണിപ്പോരാളിയായി നിന്നു. സമര രംഗത്തായാലും പാർലമെന്ററി രംഗത്തായാലും കോടിയേരിയുടെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാൽ നൂറ്റാണ്ടോളം നിയമസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിച്ചതും കോടിയേരിയാണ്. ആദ്യം മത്സരിക്കുമ്പോൾ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. 

തലശ്ശേരിക്കാരുടെ ഏത് ആവശ്യത്തിനു മുന്നിലും കോടിയേരി എപ്പോഴും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം ലംഘിച്ച് വിദ്യാർഥികളുടെ പ്രകടനം സംഘടിപ്പിച്ചാണ് കോടിയേരി രാഷ്ട്രീയ പോരാട്ടത്തിനു തുടക്കമിട്ടത്. അതിനു തിരഞ്ഞെടുത്തതത് തലശ്ശേരി ചിറക്കരയായിരുന്നു.  

കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിനുശേഷം 1995ൽ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ അംഗമാകുന്നതോടെയാണു കോടിയേരി തന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്കു മാറ്റുന്നത്. 

സ്കൂൾ വിദ്യാർഥിയായിരിക്കെ ആർഎസ്എസുമായുള്ള രാഷ്ട്രീയ സംഘട്ടനത്തിൽ തലശ്ശേരിയിൽ വച്ച് കോടിയേരിക്ക് മർദനമേറ്റിരുന്നു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ കോടിയേരി ആർഎസ്എസ് പ്രവർത്തകരാൽ ആക്രമിക്കപ്പെടുകയായിരുന്നു. ഏറെ നാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. 

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com