ADVERTISEMENT

തലശ്ശേരി ∙ സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണനു നിറഞ്ഞ കണ്ണുകളോടെ നാ‌ടിന്റെ അന്ത്യാഞ്ജലി. അന്ത്യാഭിവാദ്യമർപ്പിക്കാൻ ജന്മനാടായ തലശ്ശേരിയുടെ മണ്ണിലേക്ക് ജനസാഗരം ഒഴുകിയെത്തി.1980ൽ കോടിയേരിയുടെ വിവാഹത്തിനു വേദിയായ ടൗൺഹാൾ ഇന്നലെ വികാരനിർഭരരംഗങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്. ചെന്നൈ മുതൽ മൃതദേഹത്തെ അനുഗമിച്ച ഭാര്യ വിനോദിനി അന്തിമോപചാരം അർപ്പിക്കവേ പൊട്ടിക്കരഞ്ഞു തളർന്നുവീണു.

മുഖ്യമന്ത്രി പിണറായി വിജയനും എസ്.രാമചന്ദ്രൻപിള്ളയും എം.എ.ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നു പ്രിയ സഖാവിനെ രക്തപതാക പുതപ്പിച്ചു. പിണറായി വിജയൻ ആദ്യത്തെ പുഷ്പചക്രം അർപ്പിച്ചു; മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു. സഹോദരതുല്യനായ സഖാവിന് അവസാനത്തെ ലാൽസലാം. രാത്രി വൈകി ടൗൺ ഹാളിലെ പൊതുദർശനം അവസാനിക്കുംവരെ മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നു.

ചെന്നൈയിൽനിന്ന് 11.30നു പുറപ്പെട്ട എയർ ആംബുലൻസ് ഉച്ചയ്ക്ക് 12.45നാണു കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വിനോദിനിക്കു പുറമേ മക്കളായ ബിനോയ്, ബിനീഷ്, മരുമകൾ റെനീറ്റ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

1.20നു കാർഗോ ഗേറ്റ് വഴി പുറത്തെത്തിച്ച മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വിലാപയാത്രയായി തലശ്ശേരിയിലേക്കു കൊണ്ടുപോയി. 14 കേന്ദ്രങ്ങളിലാണ് അന്തിമോപചാരത്തിന് സൗകര്യമൊരുക്കിയിരുന്നതെങ്കിലും 31.4 കിലോമീറ്റർ ദൂരമത്രയും ആബാലവൃദ്ധം ജനങ്ങൾ നിറഞ്ഞുനിന്നു.

kodiyeri-homage
ജനഹൃദയത്തിൽ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കൂത്തുപറമ്പിലെത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന ജനങ്ങൾ. ചിത്രം: മനോരമ

മൂന്നേകാലോടെ ടൗൺ ഹാൾ മുറ്റത്തെത്തിയപ്പോൾ പൊലീസിന്റെ ബ്യൂഗിൾ സല്യൂട്ട്. അന്തിമോപചാരമർപ്പിക്കാനുള്ള നിര രാത്രിയും കിലോമീറ്ററുകളോളം നീണ്ടു. രാത്രി 10നുശേഷം മൃതദേഹം കോടിയേരി മൂളിയിൽനടയിലെ വീട്ടിലേക്കു കൊണ്ടുപോയി.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ ഇന്നു രാവിലെ 10 മുതൽ പൊതുദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഇന്നെത്തും. 

ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ 3നു പയ്യാമ്പലത്ത് സംസ്കാരം നടത്തും. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിൽ അന്ത്യവിശ്രമം.

English Summary: Kodiyeri balakrishnan's Funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com