കേന്ദ്രം നിർദേശിച്ചു; ജയിൽ ഡിജിപിയുടെ വിദേശയാത്ര സർക്കാർ റദ്ദാക്കി
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ വിദേശയാത്ര മാറ്റിവയ്ക്കാൻ നിർദേശിച്ചതോടെ, അമേരിക്കയിലെയും കാനഡയിലെയും ജയിലുകളിലെ സൗകര്യങ്ങൾ പഠിക്കാനായി ജയിൽ ഡിജിപി സുദേഷ് കുമാർ നടത്താനിരുന്ന വിവാദ യാത്ര സംസ്ഥാന സർക്കാർ റദ്ദാക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്‌ഷനൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യൻ ജയിൽ മേധാവികളുടെ യാത്ര ആസൂത്രണം ചെയ്തത്. സെപ്റ്റംബർ 3 മുതൽ 14 വരെയായിരുന്നു യാത്ര. എന്നാൽ ഇത് അടുത്ത വർഷത്തേക്കു മാറ്റാൻ വിദേശകാര്യമന്ത്രാലയം അക്കാദമിയോട് നിർദേശിച്ചു. കാരണം വ്യക്തമാക്കിയില്ല. അതിന്റെ അടിസ്ഥാനത്തിൽ യാത്ര മാറ്റിവച്ചു. തുടർന്ന്, വിദേശ യാത്രയ്ക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ആദ്യം ഇറക്കിയ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി.
1987 ബാച്ച് ഐപിഎസ് ഓഫിസറായ സുദേഷ് കുമാർ ഈ മാസം അവസാനമാണു സർവീസിൽ നിന്നു വിരമിക്കുന്നത്. വിരമിക്കുന്ന മാസം തന്നെ ജയിലിലെ സൗകര്യങ്ങളെക്കുറിച്ചു പഠിക്കാൻ വിദേശത്തേക്ക് അയയ്ക്കുന്നതിനെതിരെ കടുത്ത വിമർശനം വന്നിരുന്നു. മാത്രമല്ല തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നു 95 % ഡിസ്കൗണ്ടിൽ സ്വർണം വാങ്ങിയതായി സുദേഷ് കുമാറിനെതിരെ പരാതി ലഭിച്ചിരുന്നു. വിദേശയാത്രകൾ സംബന്ധിച്ചും പരാതി ലഭിച്ചു. ആഭ്യന്തര സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
English Summary: DGP Sudesh Kumar cancels foreign trip after External affairs ministry intervenes