ADVERTISEMENT

കണ്ണൂർ ∙ എൻഡോസൾഫാൻ ദുരിതബാധിതർക്കു വിനയാകുന്നത് ഒരിക്കലും തീരാത്ത പഠനങ്ങൾ. രാജ്യാന്തരതലത്തിൽ നടത്തിയ പുതിയ പഠനം തന്നെയാണ് ‘നിരന്തര പഠന’ങ്ങൾ മൂലമുള്ള ഈ ദുരിതം പുറത്തുകൊണ്ടുവന്നത്. എൻഡോസൾഫാൻ വിപത്താണെന്ന പരിസ്ഥിതി പ്രവർത്തകരും ആരോഗ്യശാസ്ത്രജ്ഞരും സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്നതാണ് ഈ റിപ്പോർട്ട്. 

‌എൻഡോസൾഫാൻ കീടനാശിനിയുടെ പ്രത്യാഘാതം സംബന്ധിച്ചാണ് തുടർച്ചയായി പഠനങ്ങൾ നടന്നത്. ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കാൻ ഇത് ഇടവരുത്തിയെന്നും ഇതുമൂലമുണ്ടായ അനിശ്ചിതത്വം പ്ലാന്റേഷൻ കോർപറേഷനെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ ഉപയോഗിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബെംഗളൂരു അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമെന്റിലെ (എട്രീ) ആർ.കെ.സോണി, സിദ്ധാർഥ കൃഷ്ണൻ, നോർവേ ഓസ്‌ലോ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സൊസൈറ്റിയിലെ ഡാനിയൽ മുൺസ്റ്റർ എന്നിവർ നടത്തിയ പഠനം, ലണ്ടൻ ആസ്ഥാനമായുള്ള ‘റോട്ട്‌ലെജി’ന്റെ ‘എൻവയൺമെന്റൽ സോഷ്യോളജി’ ജേണലിൽ പ്രസിദ്ധീകരിച്ചു. 

‘എൻഡോസൾഫാന് അനുകൂലമായും പ്രതികൂലമായും പഠന റിപ്പോർട്ടുകളുണ്ടായതോടെ ആരാണു ശരിയെന്ന അനിശ്ചിതത്വമുണ്ടായി. എതിരായ പഠന റിപ്പോർട്ടുകൾ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമല്ലെന്നും ഇതുവരെ അത്തരം പഠനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള ചില കൃഷി ശാസ്ത്രജ്ഞരുടെ വാദം അനിശ്ചിതത്വത്തിലേക്കു നയിച്ചു. എൻഡോസൾഫാൻ രോഗകാരണമാണെന്ന പഠനറിപ്പോർട്ട് വരുമ്പോൾ അതല്ലെന്ന മറ്റൊരു സ്പോൺസേഡ് പഠന റിപ്പോർട്ടുമായി ലോബി രംഗത്തെത്തും. ഇത് നിയമനിർമാണം വൈകിപ്പിച്ചു’– റിപ്പോർട്ട് ആരോപിക്കുന്നു.

കൃഷി ശാസ്ത്രജ്ഞരുടെ പഠനരീതിയിലെ അശാസ്ത്രീയതയും നൈതികതയില്ലായ്മയും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. ‘എൻഡോസൾഫാന്റെ ദുരിതഫലങ്ങളെ ശാസ്ത്രത്തിന്റെ കേവലമായ മാനദണ്ഡങ്ങൾ വച്ചാണ് കൃഷി ശാസ്ത്രജ്ഞർ പഠിച്ചത്. നിലവിലുള്ള ശാസ്ത്രീയ പഠനമാർഗങ്ങളെ നാട്ടറിവുകളുമായി ചേർത്തുവയ്ക്കുന്ന ശാസ്ത്രീയ പഠനരീതികളാണ് ഇത്തരം മേഖലകളിൽ വേണ്ടത്. സാമ്പത്തികനേട്ടം ലക്ഷ്യമിട്ടുള്ള കൃഷിയിൽ കീടനാശിനികൾക്കു പകരംവയ്ക്കാൻ മറ്റൊന്നില്ലെന്നാണു കൃഷി ശാസ്ത്രജ്ഞരുടെ വാദം. രാസകീടനാശിനി ദുരന്തങ്ങളിൽ, ഇരകളുടെ വേദനയും കഷ്ടപ്പാടും പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. തത്വദീക്ഷയുള്ളതും പ്രായോഗികമായതും ചുറ്റുപാടുകളെ ബന്ധപ്പെടുത്തിയിട്ടുള്ളതുമായ സമീപനമാണു ശാസ്ത്രീയ പഠനങ്ങളിലുണ്ടാകേണ്ടത്.’– റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Endosulfan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com