ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രനെ 2017 ൽ ആദ്യമായി നിയമിച്ചപ്പോൾ യുജിസി ചട്ടങ്ങളിലെ 3 വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി വ്യക്തമായി. ഈ നിയമനം ചട്ടപ്രകാരം ആയിരുന്നെന്ന സർക്കാർവാദം സാങ്കേതിക സർവകലാശാലാ വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയോടെ പൊളിഞ്ഞു. യുജിസി ചട്ടങ്ങൾ ലംഘിച്ചു നിയമനം നടത്തിയതിനാലാണു സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം കോടതി റദ്ദാക്കിയത്.

ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ ശുപാർശ ചെയ്ത സേർച് കമ്മിറ്റി, വിസി ആകാൻ യോഗ്യതയുള്ളവരുടെ പാനൽ സമർപ്പിക്കുന്നതിനു പകരം ഒരു പേര് മാത്രമാണു നൽകിയത്. സർവകലാശാലയുമായി ബന്ധപ്പെട്ടവർ സേർച് കമ്മിറ്റി അംഗങ്ങളാകരുതെന്നും 3 അംഗങ്ങളും അക്കാദമിക് വിദഗ്ധരായിരിക്കണമെന്നുമുള്ള യുജിസി വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. 

അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം.ഏബ്രഹാമും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കളും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. രണ്ടുപേരും സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ്. ചീഫ് സെക്രട്ടറി അക്കാദമിക് വിദഗ്ധനുമല്ല.

ഡോ.ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം ക്രമപ്രകാരമല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തായിട്ടുണ്ട്. ഇതോടെ  പുനർനിയമനം ത്രിശങ്കുവിലാകും. 2016 ലെ കോടതി വിധി അനുസരിച്ച് യുജിസി ചട്ടം നിലവിൽ വന്നാൽ 6 മാസത്തിനകം സർവകലാശാലകൾ നടപ്പാക്കണം. ഇല്ലെങ്കിൽ നടപ്പാക്കിയതായി കണക്കാക്കണം. 

ഗോപിനാഥ് രവീന്ദ്രന്റെ ആദ്യനിയമനം ചട്ടവിരുദ്ധമായതു കൊണ്ട് പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി.

തമിഴ്നാട്ടിൽ വിസിക്ക് 40–50 കോടി: മുൻഗവർണർ

ചെന്നൈ ∙ തമിഴ്‌നാട്ടിൽ സർവകലാശാലാ വിസി പദവി 40-50 കോടി രൂപയ്ക്കു വരെ വിൽക്കുന്ന സാഹചര്യമുണ്ടെന്നും എന്നാൽ സമ്മർദങ്ങൾക്കൊന്നും വഴിപ്പെടാതെ താൻ 27 വിസിമാരെ നിയമിച്ചെന്നുമുള്ള മുൻഗവർണറുടെ പരാമർശം വിവാദമായി. ഇപ്പോൾ പഞ്ചാബ് ഗവർണറായ ബൻവാരിലാൽ പുരോഹിതാണ് പൊതുപരിപാടിക്കിടെ തമിഴ്നാടിനെ വിമർശിച്ചത്. 

പഞ്ചാബിലെ എഎപി സർക്കാരുമായി നീരസം തുടരുന്ന പുരോഹിത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ടുപഠിക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ, ഗവർണറായിരുന്ന കാലത്ത് ബിജെപിക്കു വേണ്ടി പ്രവർത്തിച്ചയാളാണ് പുരോഹിതെന്നും വിസി വിഷയത്തിലെ നുണപ്രചാരണങ്ങൾ കൊണ്ട് ഡിഎംകെയെ തകർക്കാനാകില്ലെന്നും മന്ത്രി മനോ തങ്കരാജ് പ്രതികരിച്ചു.

English Summary: Kannur VC's appointment clear violation of UGC rules

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com