സർവകലാശാലാ നിയമനം; ക്രമക്കേടിൽ ഏറെയും താഴത്തെ തട്ടു മുതൽ
Mail This Article
തിരുവനന്തപുരം ∙ സർവകലാശാലകളിലെ ക്രമക്കേടിൽ ഏറെയും താഴത്തെ തട്ടു മുതൽ വൈസ് ചാൻസലർ വരെയുള്ളവരുടെ നിയമനങ്ങളിൽ.
കണ്ണൂർ സർവകലാശാല
വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ചട്ടലംഘനമുണ്ടെന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സേർച് കമ്മിറ്റി ഇല്ലാതെയുള്ള പുനർനിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണ്. അദ്ദേഹത്തിനു 4 വർഷത്തേക്ക് പുനർ നിയമനം നൽകാൻ പാടില്ലെന്നാണ് മറ്റൊരു വാദം. നിയമനം 4 വർഷത്തേക്ക് ആയതിനാൽ പുതിയ നിയമനമായി മാത്രമേ കരുതാൻ കഴിയൂ. സർവകലാശാലാ ചട്ടങ്ങൾ അനുസരിച്ച് 60 വയസ്സാണ് വിസി നിയമനത്തിനുള്ള പ്രായപരിധി. നിയമനം ലഭിക്കുമ്പോൾ ഗോപിനാഥ് രവീന്ദ്രൻ പ്രായപരിധി ലംഘിച്ചിരുന്നു.
എംജി സർവകലാശാല
കോളജുകളിൽ ഹിന്ദി അസി.പ്രഫസർ നിയമനം യുജിസി ചട്ടത്തിനു വിരുദ്ധമായി അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും ഇതിന് പരമാവധി മാർക്ക് 20 ആയിരിക്കുമെന്നും സർവകലാശാല ആദ്യ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അഭിമുഖത്തിന്റെ മാർക്ക് പിന്നീട് 50 ആക്കി. അധ്യാപന അഭിരുചിക്ക് 10, ഗവേഷണ അഭിരുചിക്ക് 20 എന്നിങ്ങനെ ഇനം തിരിച്ചു മാനദണ്ഡങ്ങളും നിശ്ചയിച്ചു. ഇത് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു കണ്ടെത്തിയതിനാൽ ഹൈക്കോടതി റദ്ദാക്കി.
കുഫോസ്
ഫിഷറീസ് സർവകലാശാലയിൽ തസ്തികകൾ സൃഷ്ടിക്കുന്നതിനു സർക്കാരിൽ നിന്നു മുൻകൂർ അനുമതി വേണം. ഇതിൽ വീഴ്ച വരുത്തിയതായാണു ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാല രൂപീകരിച്ചതിനു ശേഷം 2 തവണ അധ്യാപക നിയമനം നടന്നു. വിഷയ വിദഗ്ധരെ ബോർഡ് ഓഫ് സ്റ്റഡീസ് നിർദേശിച്ചിരുന്നില്ല. നിയമനത്തിലെ അപാകത സംബന്ധിച്ച 2018-19 ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.
കഴിഞ്ഞവർഷം മാർച്ച് 9ന് 60 വയസ്സ് പൂർത്തിയായി വിരമിക്കേണ്ട അസോഷ്യേറ്റ് പ്രഫസറെ മാർച്ച് അവസാന പ്രവൃത്തി ദിവസം വരെ തുടരാൻ അനുവദിച്ചതും ചട്ട വിരുദ്ധമാണ്. യുജിസി ചട്ടങ്ങൾ പാലിക്കാതെയാണു സ്കൂൾ ഡയറക്ടർമാരുടെ നിയമനവും നടന്നത്.
കാർഷിക സർവകലാശാല
അസി. പ്രഫസർ മുതൽ പ്രഫസർ വരെ തസ്തികകളിലേക്കു ചട്ടങ്ങൾ ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയെന്നു ധനകാര്യ പരിശോധനാ വിഭാഗം 2019 ജൂലൈയിൽ ആണ് റിപ്പോർട്ട് നൽകിയത്. 3 വർഷമായിട്ടും ഒരു നടപടിയുമില്ല.
കേരള സർവകലാശാല
സർവകലാശാലാ ക്യാംപസിലും യൂണിവേഴ്സിറ്റി മാനേജ്മെന്റ് സെന്ററുകളിലും മാത്രം നടത്തിയിരുന്ന എംബിഎ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ കോഴ്സിന് യുജിസി ചട്ടം അനുസരിച്ച് എഐസിടിഇ അനുമതി വേണ്ട. ഇതിന്റെ മറവിൽ 2 സ്ഥാപനങ്ങൾക്ക് സ്വാശ്രയ എംബിഎ കോഴ്സ് നടത്താൻ എഐസിടിഇ അംഗീകാരമില്ലാതെ സർവകലാശാല അനുമതി നൽകി.
കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റിൽ ഇരട്ട ബിരുദ കോഴ്സ് നടപ്പാക്കണമെന്ന യുജിസി ഉത്തരവ് നടപ്പാക്കിയില്ല. യുജിസി അംഗീകാരമുള്ള കേന്ദ്ര, സംസ്ഥാന സർവകലാശാലകളുടെ കോഴ്സുകൾ തുല്യമായി അംഗീകരിക്കണമെന്ന യുജിസി നിബന്ധനയും വേണ്ടവിധം പാലിക്കപ്പെടുന്നില്ല. 25 വിദൂര പഠന കോഴ്സുകൾ നടത്താൻ യുജിസി വിദൂര പഠന ബ്യൂറോയുടെ അനുമതി ഉണ്ടെങ്കിലും അപേക്ഷ ക്ഷണിച്ചത് 18 കോഴ്സുകളിലേക്കു മാത്രം.
English Summary: University bogus recruitments