10% മുന്നാക്ക സംവരണം: കേരളം അന്നേ നടപ്പാക്കി
Mail This Article
തിരുവനന്തപുരം ∙ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കേരളത്തിൽ ഒരു മാറ്റവും സൃഷ്ടിക്കില്ല. കാരണം, കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ തൊഴിലിനും വിദ്യാഭ്യാസത്തിനും 10% മുന്നാക്ക സംവരണം ഏർപ്പെടുത്തി 2020 ഒക്ടോബർ 23ന് കേരളം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇൗ തീയതിക്കു ശേഷമുള്ള എല്ലാ തൊഴിൽ വിജ്ഞാപനങ്ങൾക്കും പിഎസ്‌സി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ റാങ്ക് ലിസ്റ്റുകൾ ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ മുന്നാക്ക സംവരണം പ്രാബല്യത്തിലാകാൻ ഇനിയും കാത്തിരിക്കണം.
എൻജിനീയറിങ്, മെഡിക്കൽ ഉൾപ്പെടെയുളള പ്രഫഷനൽ കോഴ്‌സുകളുടെ പ്രവേശനത്തിനും സംവരണം നടപ്പാക്കിക്കഴിഞ്ഞു. പൊതുവിഭാഗത്തിലും മറ്റു സംവരണ സീറ്റുകളിലും കുറവുണ്ടാകാതിരിക്കാൻ 10% സീറ്റുകൾ സർക്കാർ അധികമായി അനുവദിക്കുകയും ചെയ്തു. അടിസ്ഥാന യോഗ്യതയായ പ്ലസ് ടു മാർക്കിൽ ഇളവ് വരുത്തിയിട്ടുമുണ്ട്. ഹയർ സെക്കൻഡറി പ്രവേശനത്തിനും സാമ്പത്തിക സംവരണമുണ്ട്. പൊതുവിഭാഗത്തിനു നീക്കിവച്ചിട്ടുള്ള 50 ശതമാനത്തിൽ നിന്നാണ് പിഎസ്‌സി സാമ്പത്തിക സംവരണത്തിനുള്ള 10% ഒഴിവുകൾ കണ്ടെത്തുന്നത്.
ഏതെങ്കിലും ഒരു തസ്തികയിലേക്ക് പിഎസ്‌സി വഴി അപേക്ഷിക്കുമ്പോൾ ഒറ്റത്തവണ പ്രൊഫൈലിൽ സംവരണം ക്ലെയിം ചെയ്യണം. അങ്ങനെയുള്ളവരുടെ അപേക്ഷ മാത്രമേ സംവരണത്തിന് പരിഗണിക്കുകയുള്ളൂ. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടാൽ പിഎസ്‌സി സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിളിക്കുമ്പോൾ വില്ലേജ് ഓഫിസർ /തഹസിൽദാർ നൽകിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ പെടുന്നയാളാണ് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അർഹർ ആരൊക്കെ ?
4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാർക്കാണു സാമ്പത്തിക സംവരണത്തിന് അർഹത. മറ്റു സംവരണങ്ങൾ ലഭിക്കാത്തവരായിരിക്കണം. കുടുംബ ഭൂ സ്വത്ത് ഗ്രാമപ്പഞ്ചായത്തിൽ രണ്ടര ഏക്കറിലും നഗരസഭയിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. മുനിസിപ്പൽ, കോർപറേഷൻ പരിധിയിൽ ആകെ വിസ്തൃതി 75 സെന്റിൽ കവിയരുത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും. കുടുംബത്തിന്റെ ആകെ ഹൗസ് പ്ലോട്ട് വിസ്തൃതി മുനിസിപ്പൽ പരിധിയിൽ 20 സെന്റിലും കോർപറേഷൻ പരിധിയിൽ 15 സെന്റിലും കൂടരുത്. നഗരസഭ, കോർപറേഷൻ പരിധികളിൽ ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ രണ്ടുംകൂടി 20 സെന്റിൽ കൂടരുത്. അന്ത്യോദയ അന്നയോജന (എഎവൈ), ബിപിഎൽ റേഷൻ കാർഡുകാർ സംവരണത്തിന് അർഹരാണ്.
English Summary: Kerala already implemented Upper Caste Reservation