ADVERTISEMENT

കണ്ണൂർ∙ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ സർവകലാശാല അപ്പീലിനു പോകില്ലെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രിയാ വർഗീസ് ഉൾപ്പെട്ട പ്രൊവിഷനൽ റാങ്ക് പട്ടിക, വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ ഒഴിവാക്കും. പ്രിയാ വർഗീസിനു യോഗ്യതയില്ലെന്നു കണ്ടെത്തിയാൽ സ്വാഭാവികമായും രണ്ടാം റാങ്കിലെത്തിയയാളെ പരിഗണിക്കും. പുതിയ റാങ്ക് പട്ടിക സിൻഡിക്കറ്റിനു മുൻപിൽ വയ്ക്കും. വിഷയം ചർച്ച ചെയ്യാൻ 30 ന് സിൻഡിക്കറ്റ് യോഗം ചേരുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

വിധിപ്പകർപ്പു കിട്ടിയെങ്കിലേ കൂടുതൽ വ്യക്തത വരൂ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 2 ന് യുജിസിയോട് വ്യക്തത തേടിയിരുന്നു. എന്നാൽ ഇതുവരെയും യുജിസി കത്തിനു മറുപടി നൽകിയിട്ടില്ല. യുജിസി മറുപടി തന്നിരുന്നെങ്കിൽ വിഷയം ഇത്രയും വഷളാകില്ലായിരുന്നു. എഫ്ഡിപി (ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം) അധ്യാപന പരിചയമായി കണക്കാക്കാനാകുമോ എന്നായിരുന്നു യുജിസിയോട് കത്തെഴുതി ചോദിച്ചത്. തുടർന്ന് രണ്ടു തവണ അഡ്വക്കറ്റ് ജനറലിനോടും നിയമോപദേശം തേടി. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സർവകലാശാല മുന്നോട്ടുപോയത്.

അതേസമയം, കോടതിവിധി അധ്യാപകരെ സാരമായി ബാധിക്കുന്നതാണെന്നും വിസി പറഞ്ഞു. എല്ലാ സർവകലാശാലകളിലെയും നിയമനങ്ങളെ വിധി ബാധിക്കും. അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ എന്നീ നിയമനങ്ങളെയാണു കോടതി വിധി ബാധിക്കുക. എഫ്ഡിപി, സ്റ്റുഡന്റ് സർവീസ് ഡയറക്ടർ എന്നീ കാലയളവ് അധ്യാപന പരിചയമായി കണക്കിലെടുത്ത് ഇതുവരെ സർവകലാശാലകൾ നടത്തിയ സ്ഥാനക്കയറ്റങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.‌

ഇനി അഭിമുഖം ഇല്ല

ഇനി അഭിമുഖം നടത്തില്ലെന്നും രേഖകളുടെ സൂക്ഷ്മപരിശോധന മാത്രമേ ഉണ്ടാകൂ എന്നും വിസി പറഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ അഭിമുഖത്തിനുണ്ടായിരുന്ന എല്ലാവരുടെയും സമ്മതപ്രകാരം മാത്രം ദൃശ്യങ്ങൾ നൽകും.

English Summary: Kannur University not to give appeal against court order in Priya Varghese appointment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com