ADVERTISEMENT

കോഴിക്കോട് ∙ തെളിഞ്ഞ ആകാശക്കീഴെ പൊരിവെയിലത്തു മാർച്ച് ചെയ്യുമ്പോൾ ബാൻഡ് മേളക്കാരായ കുട്ടികളുടെ മനസ്സിൽ വാത്സല്യത്തിന്റെ നിലാവൂറുകയായിരുന്നു. മൈതാനത്തിന്റെ ഒരറ്റത്തു മാറിയാണു നിന്നതെങ്കിലും ഗുരുവായ വിപിൻ ചേട്ടൻ മനസ്സുകൊണ്ട് ആ മേളക്കൂട്ടത്തിന്റെ ഒത്ത നടുക്കുണ്ടായിരുന്നു. ഹൃദയംകൊണ്ടു വിപിൻ നൽകിയ നിർദേശങ്ങളനുസരിച്ച് അവർ 20 പേർ കാണികളുടെ നെഞ്ചകത്തേക്കു കൊട്ടിക്കയറി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്നലെ ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിലെ 20 പേരും തൊടുപുഴ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ എന്ന സ്നേഹവീട്ടിലെ കുട്ടികളായിരുന്നു. ഇന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടുക്കിക്കു വേണ്ടി മത്സരിക്കുന്ന കല്ലാനിക്കൽ സെന്റ് ജോർജ് സ്കൂൾ ടീമിലെ 20 ൽ 15 പേരും ഇതേ സ്നേഹവീട്ടിലെ കുട്ടികൾ. അവരെയെല്ലാം പരിശീലിപ്പിച്ചത്, ഈ വീട്ടിലെ സീനിയറായ വിപിൻ!

ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തുനിന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴിയും സന്നദ്ധ സംഘടനകൾ വഴിയും എത്തിയവരാണ് ഫൗണ്ടേഷനിലെ അന്തേവാസികൾ. അഞ്ചാം വയസ്സിലാണു വിപിൻ എത്തിയത്. സ്കൂളിൽ ബാൻഡ് മേളത്തിൽ പരിശീലനം ലഭിച്ച വിപിൻ 2015 ലെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിരുന്നു. അന്നു സമ്മാനം കിട്ടിയില്ലെങ്കിലും പിന്നീടു തന്റെ കുഞ്ഞു സഹോദരങ്ങളെ ബാൻഡ് മേളം പഠിപ്പിച്ച് സമ്മാനം നേടിക്കൊടുത്തു.

വിപിനു സഹായത്തിന് ഫൗണ്ടേഷനിലെ അന്തേവാസിയായ ആൽബിനുമുണ്ട്. വൈക്കത്തെ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിയാണു വിപിൻ. നഗരത്തിൽ അലഞ്ഞു നടന്ന അമ്മയ്ക്കും മകനും സംരക്ഷണം ഒരുക്കിക്കൊണ്ട് 1988 ൽ ജോഷി മാത്യുവും ഭാര്യ സ്നേഹ ജോഷിയും ചേർന്ന് ആരംഭിച്ചതാണു ഫൗണ്ടേഷൻ. 

Content Highlights: Kerala School Youth Festival, Band Melam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com