ADVERTISEMENT

കാസർകോട് ∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ‌ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ജില്ലാ ക്രൈംബ്രാഞ്ച് സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം ഡിവൈഎസ്പി എ.സതീഷ്കുമാറാണ് സമർപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിർദേശ പത്രിക പിൻവലിപ്പിച്ചതായാണു കുറ്റം. കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നാണു കേസ്. സുരേന്ദ്രനു പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുള്ളത്. 

പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ, തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലി‍ൽ വയ്ക്കൽ, തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും ഉൾപ്പെടെ ഇരുന്നൂറോളം പേരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നൂറിലേറെ സാക്ഷികളാണുള്ളത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിലുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ നൽകിയ പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കൈക്കൂലിയായി നൽകിയ 2.5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ സുന്ദരയുടെ സുഹൃത്തായ ഉദയകുമാറിന്റെ ഭാര്യയുടെയും മാതാവിന്റെയും പേരിൽ സ്വർഗയിലെ കേരള ഗ്രാമീണ ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി. 85,000 രൂപ ചെലവഴിച്ച് വീടിന്റെ മുന്നിൽ സുന്ദര പന്തലിട്ടു. 15,000 രൂപ ബന്ധുവിനു നൽകി. ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കെട്ടി വയ്ക്കാനായി വിജയകുമാറിൽ നിന്നു കടമായി വാങ്ങിയ 5000 രൂപ തിരിച്ചു നൽകി. കാസർകോട്ടെ ഒരു വസ്ത്രാലയത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി. ബാക്കി തുക ചികിത്സയ്ക്കും മറ്റുമായി ചെലവഴിച്ചു. കാസർകോട്ടെ ഒരു കടയിൽനിന്ന് 8,300 രൂപ വിലവരുന്ന സ്മാർട്ട് ഫോൺ വാങ്ങിച്ചു നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും ലഭിച്ചെന്നുമാണു സുന്ദര മൊഴി നൽകിയത്. മണികണ്ഠ റൈ, സുരേഷ്, സുനിൽ നായിക് എന്നിവർ സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയെന്നാണു കുറ്റപത്രത്തിലുള്ളത്. 

English Summary: Crime Branch charge sheet in Manjeswaram Bribery Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com