ADVERTISEMENT

നയപ്രഖ്യാപന പ്രസംഗത്തിനു സന്മനസ്സു കാട്ടിയ ഗവർണർക്കു നന്ദി പറയുക എന്നതായിരുന്നു സഭാംഗങ്ങളുടെ കടമ. പക്ഷേ നന്ദിപ്രമേയ ചർച്ചയിൽ രണ്ടു വഞ്ചനകളാണ് ഉയർന്നു പൊങ്ങിയത്. ഓരോ ബജറ്റ് ദിനം അടുക്കുമ്പോഴും 2015 ലെ ബജറ്റ് അവതരണ വേളയിൽ കെ.എം.മാണിക്കു നേരിടേണ്ടി വന്ന പ്രതിഷേധപ്പേക്കൂത്തിന്റെ ഓർമ ആചാരം പോലെ ഉയരും.

മിച്ചവും കമ്മിയും അമ്മാനമാടുന്നതിലെ മാണിയുടെ വിരുത് ജോബ് മൈക്കിൾ അയവിറക്കിയപ്പോൾ ആ മാണിയെ വഞ്ചിച്ചത് ആരെന്നു തിരിച്ചു കുത്തിയത് മോൻസ് ജോസഫ്. നയപ്രഖ്യാപനത്തെ അനുകൂലിക്കാൻ എഴുന്നേറ്റ സിപിഐയിലെ ഇ.ചന്ദ്രശേഖരനെ കണ്ടപ്പോൾ സിപിഎമ്മിന്റെ കയ്യിൽ നിന്ന് അദ്ദേഹത്തിനേറ്റ റ്വഞ്ചനയോർത്തു പ്രതിപക്ഷത്തിനു സഹിച്ചില്ല. ‘കേരളമാണ് ബദൽ’ എന്ന് അവകാശപ്പെട്ട ചന്ദ്രശേഖരനോട്, കാഞ്ഞങ്ങാട്ട് അദ്ദേഹത്തെ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ കൂറു മാറിയതും ആ ബദലിൽ പെടുമോ എന്ന് എൻ.ഷംസുദ്ദീൻ കുത്തി. ചന്ദ്രശേഖരൻ മിണ്ടിയില്ല. എന്നാൽ മോൻസ് ജോസഫിനു നേർക്ക് എതിർ കേരള കോൺഗ്രസിലെ എൻ.ജയരാജും ജോബ് മൈക്കിളും പ്രതിരോധത്തിന്റെ രണ്ടിലകളായി. 

ബിബിസി ഡോക്യുമെന്ററിയെ എതിർക്കുന്ന ദേശവിരുദ്ധ ശക്തികൾക്കൊപ്പം മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൻ ചേർന്നതു കണ്ടിട്ട് എ.സി.മൊയ്തീനു രോഷം. തേന്മാവിന്റെ ചുവട്ടിൽ ചില പാഴ്ച്ചെടികളും വളരില്ലേ എന്നായി എൻ.ഷംസുദ്ദീൻ. എ.കെ.ആന്റണിയുടെ മകനെ യുഡിഎഫുകാർ തന്നെ പാഴ്ച്ചെടി ആക്കാമോ എന്നു ജോബ് മൈക്കിൾ. തള്ളി മറിക്കുന്നതല്ലാതെ ഒന്നും ചെയ്യാത്ത സർക്കാരിനോടു പ്രതിഷേധിക്കുന്ന ‘ഗണേഷ്കുമാറിന് ഒപ്പ’മെന്ന് ഷംസുദ്ദീന്റെ ഹാഷ്ടാഗ് പിന്തുണയുമുണ്ടായി. 

മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ കൂടെ പോകുമോ എന്നു ചോദിക്കുന്നവർക്കു ലീഗിലെ കുറുക്കോളി മൊയ്തീന്റെ ബദൽരേഖ: ബംഗാളിലും ത്രിപുരയിലും തമിഴ്നാട്ടിലും ആകാമെങ്കിൽ കേരളത്തിലും ജനാധിപത്യ ചേരിയുടെ ഭാഗമായി സിപിഎമ്മിനു വരേണ്ടി വരും. സിപിഎം ആരെയും മാടിവിളിക്കുന്നില്ലെന്നും ലീഗിന്റെ നിലനിൽപ് ലീഗ് തന്നെ നോക്കിയാൽ മതിയെന്നും പി.പി.ചിത്തരഞ്ജൻ കയ്യോടെ മറുപടി കൊടുത്തു. ഭാരത് ജോഡോ യാത്രയെ വികാരനിർഭരമായി വിലയിരുത്തി മാത്യു കുഴൽനാടൻ. പിണറായി വിജയൻ മൂന്നാം മുന്നണിക്ക് പെടാപ്പാടു പെടുന്നതു നരേന്ദ്രമോദിക്കു വേണ്ടിയാണെന്നതിൽ മാത്യുവിന് സന്ദേഹമില്ല.

പ്രസംഗമെപ്പോഴും ആർഎസ്എസിനെതിരെ, പക്ഷേ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ രക്ഷപ്പെടുത്തിയത് ആർഎസ്എസുകാരെ. ബീയർ തലയിലൊഴിച്ചു നൃത്തം ചെയ്തു കൊണ്ടു ലഹരിവിരുദ്ധ പോരാട്ടത്തിൽ ഏർപ്പെടുന്ന സിപിഎം ഇരട്ടത്താപ്പു പട്ടികയിൽ ഇനിയെന്തെല്ലാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് അറിയണം. ലഹരിവിരുദ്ധ ക്യാംപെയ്നിനെ പരിഹസിച്ചതു മന്ത്രി എം.ബി.രാജേഷിനു പിടിച്ചില്ല. കടമുറി ഒഴിപ്പിക്കാൻ 12 ലക്ഷം കൈക്കൂലി വാങ്ങിയ സിപിഎമ്മുകാരിൽ നിന്ന് ഇനി എന്തെല്ലാമെന്നാണ് എം.വിൻസന്റിന് അറിയേണ്ടത്. 

പി.വി.ശ്രീനിജന് സഭ പാർലമെന്റാണെന്നു തോന്നി. ഈ സർക്കാരിന്റെ കാലത്തു പ്രതിപക്ഷം കൊണ്ടു വന്ന 51 അടിയന്തര പ്രമേയങ്ങളിൽ നാൽപത്തിയെട്ടും സംസ്ഥാന സർക്കാരിനെതിരെ ആയതെന്തുകൊണ്ട്? കേന്ദ്രത്തിനെതിരെ മൂന്നെണ്ണം മാത്രം. അതു ശരിയോ?

∙ ഇന്നത്തെ വാചകം 

‘ഭാരത് ജോഡോ യാത്രയിൽ ഇടതുപക്ഷത്തെ വിമർശിച്ചു പ്രതിപക്ഷത്തെ പല തട്ടുകളിലാക്കിയ കോൺഗ്രസാണ് പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നത്.’ – വി.കെ.പ്രശാന്ത്

English Summary : Naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com