വാണി ജയറാം വിടവാങ്ങി; ചെന്നൈ നുങ്കംപാക്കത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Mail This Article
ചെന്നൈ ∙ ‘ഏതോ ജന്മകൽപനയിലൂടെ’ മലയാളിയെ തേടിവന്ന മറുനാടൻ സ്വരസൗരഭം നിലച്ചു. 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയ വേറിട്ട ശബ്ദത്തിന്റെ ഉടമ വാണി ജയറാം (77) അന്തരിച്ചു. ഇത്തവണ പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങാതെയാണു ഗായിക വിടവാങ്ങുന്നത്.
ചെന്നൈ നുങ്കംപാക്കത്തെ ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന അവരെ നെറ്റിയിൽ മുറിവുകളോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജോലിക്കാരി ബന്ധുക്കളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ മൃതദേഹം ഫ്ലാറ്റിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബസന്റ്നഗർ ശ്മശാനത്തിൽ.
1973ൽ ‘സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി സലിൽ ചൗധരി ഈണമിട്ട ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സിൽ ഇടംപിടിച്ച വാണി ജയറാം മലയാളത്തിൽ മാത്രം 625 പാട്ടുകൾ പാടി. ഏറെക്കാലം മലയാളസിനിമയിൽനിന്ന് അകന്നുനിന്നശേഷം 2013ൽ ‘1983’ എന്ന ചിത്രത്തിൽ ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം പാടി മടങ്ങിയെത്തി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തമിഴ്, തെലുങ്ക് ഗാനങ്ങൾക്ക് 3 തവണ സ്വന്തമാക്കിയിട്ടുപോലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരിക്കൽപോലും ലഭിച്ചില്ലെന്ന ഖേദം അവർക്കുണ്ടായിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ ദൊരൈസ്വാമിയുടെയും പത്മാവതിയുടെയും മകളായി ജനിച്ച കലൈവാണി മറാത്തി നാടകഗാനങ്ങളാണു പാടിത്തുടങ്ങിയത്. 1970ൽ ‘ഗുഡ്ഡി’ എന്ന ഹിന്ദി ചലച്ചിത്രത്തിൽ വസന്ത് ദേശായി ഈണമിട്ട 3 ഗാനങ്ങളും ഹിറ്റായതോടെ ദേശീയശ്രദ്ധ നേടി. അതിലെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന പാട്ടിന് രാഗം അടിസ്ഥാനമാക്കിയ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്രഗാനത്തിനുള്ള താൻസൻ സമ്മാനം ഉൾപ്പെടെ 5 പുരസ്കാരങ്ങൾ ലഭിച്ചു. സംഗീതജീവിതത്തിൽ വാണിക്കു പിന്തുണയായിരുന്ന ഭർത്താവ് ടി.എസ്.ജയറാം 2018ൽ അന്തരിച്ചു. മക്കളില്ല.
English Summary: Veteran singer Vani Jayaram passes away