ADVERTISEMENT

കൊച്ചി ∙ അച്ഛന്റെ കരളിന്റെ കരളാണ് ആ മകൾ. നിയമത്തിന്റെ കടമ്പകൾ മറികടന്നു ദേവനന്ദ അച്ഛനു സ്വന്തം കരൾ പകുത്തു നൽകി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണു പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗിരി ആശുപത്രി അധികൃതർ പറഞ്ഞു.

തൃശൂരിൽ കോഫി ഷോപ് നടത്തിയിരുന്ന പി.ജി.പ്രതീഷിന്റെ (48) ജീവിതത്തിലേക്കു കാലിലൂടെയാണു രോഗം കയറി വന്നത്. കാലിൽ ഇടയ്ക്കിടെ നീര് വരുന്നു. പരിശോധനയിൽ തിരിച്ചറിഞ്ഞു, കരളിൽ കാൻസർ. കരൾ മാറ്റിവയ്ക്കാതെ മാർഗമില്ല. ഭാര്യ ധന്യയും മക്കളായ ദേവനന്ദയും ആദിനാഥുമടങ്ങിയ കുടുംബം തളർന്നു. ഏറെ അന്വേഷിച്ചെങ്കിലും യോജിച്ച കരൾ കണ്ടെത്തിയില്ല.

പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ വന്നപ്പോൾ മകൾ ദേവനന്ദ ഡോക്ടറോടു ചോദിച്ചു – ‘അച്ഛന് എന്റെ കരൾ ചേരുമോ?’ ‍‍നിയമപ്രകാരം 18 വയസ്സ് പൂർത്തിയാകാത്തവർക്ക് ഇന്ത്യയിൽ അവയവം ദാനംചെയ്യാൻ പറ്റില്ല. ദേവനന്ദ ഇന്റർനെറ്റിൽ പരതി. സമാനമായ മറ്റൊരു കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവയവദാനത്തിനു കോടതി അനുമതി നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. (എന്നാൽ ആ അവയവദാനം നടന്നില്ല)

ഈ വാദമുന്നയിച്ചു കോടതിയെ സമീപിച്ചു. ഹൈക്കോടതി അവയവദാനത്തിന് അനുമതി നൽകി. 9നു രാജഗിരി ആശുപത്രിയിൽ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി. ചികിത്സാ ചെലവും ആശുപത്രി ഏറ്റെടുത്തുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണു ദേവനന്ദ.

English Summary : Devananda youngest organ donor in india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com