ADVERTISEMENT

കണ്ണൂർ ∙ ആർഎസ്എസും ജമാ അത്തെ ഇസ്‌ലാമിയും ചർച്ച നടത്തിയതിൽ സിപിഎം ഉന്നയിച്ച ചോദ്യങ്ങൾക്കല്ല യുഡിഎഫും ആർഎസ്എസും മറുപടി പറയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധജാഥയുമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. ആർഎസ്എസ് – ജമാ അത്തെ ഇസ്‌ലാമി – യുഡിഎഫ് അച്ചുതണ്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു. എന്താണ് അവരുടെ നിലപാടെന്ന ചോദ്യം ഞങ്ങൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കും. സമാധാനത്തിനു വേണ്ടിയാണ് ആർഎസ്എസുമായി സിപിഎം ചർച്ച നടത്തിയത്. അതിനു ഫലമുണ്ടാവുകയും ചെയ്തു.

ആകാശ് തില്ലങ്കേരിക്കെതിരായ നിലപാട്, വളരെ നേരത്തേ തന്നെ പാർട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. നല്ല വിളയ്ക്കൊപ്പം കളയുമുണ്ടാകും. കള പിഴുതു മാറ്റുക തന്നെ ചെയ്യും. ആര് എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആരായാലും അതു ചെയ്യും. വിളയുടെ രോഗം ചികിത്സിച്ചു മാറ്റും. കളയെല്ലാം പറിച്ചു കളയുക തന്നെ ചെയ്യും. ജനങ്ങൾക്കു താൽപര്യമില്ലാത്ത ഒരു നിലപാടിനെയും പാർട്ടി പിന്തുണയ്ക്കില്ല. മുതലാളിത്ത സമൂഹത്തിൽ ധാരാളം ജീർണത കടന്നുവരുന്നതു സ്വാഭാവികമാണ്. ആ ജീർണത കണ്ടെത്തി, പരിഹരിച്ചു മുന്നോട്ടുപോകും.

ഇന്ധന സെസ് വർധനയ്ക്കെതിരായ സമരത്തിന്റെ പേരിൽ യുഡിഎഫും ബിജെപിയും സംസ്ഥാനത്തു കലാപത്തിനാണു ശ്രമിക്കുന്നത്. രണ്ടോ മൂന്നോ പേർ ചാവേറുകളെ പോലെ മുഖ്യമന്ത്രിയുടെ കാറിനു നേരെ ചാടി വീഴുന്നതു ജനകീയ സമരമല്ല. ഭീകരപ്രസ്ഥാനങ്ങളാണു പൊതുവെ ഇത്തരം രീതികൾ അവലംബിക്കുക. അത്യാഹിതം സംഭവിക്കാത്തതു പൊലീസിന്റെ മിടുക്കു കൊണ്ടാണ്. അധികസുരക്ഷ ഏർപ്പെടുത്തിയതു മുഖ്യമന്ത്രിക്കല്ല. ഇത്തരം സമരം നടത്തുന്നവർ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടിയാണ്. 

സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകാനാണു പെട്രോളിയം സെസ് വർധിപ്പിച്ചത്. അഴിമതിക്കെതിരെ നല്ല രീതിയിലുള്ള ശുദ്ധീകരണം ഉദ്യോഗസ്ഥതലത്തിൽ വേണം. ഗുണ്ടാബന്ധമുള്ള, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.’ എം.വി.ഗോവിന്ദൻ പറഞ്ഞു. 

English Summary: M.V. Govindan statement regarding RSS - Jamaat-e-Islami meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com