ADVERTISEMENT

കൊച്ചി/കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ അതേസമയം കൊച്ചിയിൽ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തത് ചർച്ചയും വിവാദവുമായി. 

യാത്ര കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടേക്കു കടന്നിട്ടും ഇ.പി.ജയരാജൻ ജാഥയിൽ മുഖം കാട്ടാൻ തയാറായിട്ടില്ല. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രസാദ ഉൗട്ടിലാണ് അദ്ദേഹം പങ്കെടുത്തത്. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു ‘വിവാദ ഇടനിലക്കാരൻ’ എന്നു പാർട്ടി ഒൗദ്യോഗിക നേതൃത്വം ആക്ഷേപിച്ച ടി.ജി.നന്ദകുമാർ ട്രസ്റ്റ് ചെയർമാനായ ക്ഷേത്രമാണിത്. കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ എംപി കെ.വി.തോമസും ജയരാജനൊപ്പം ഉണ്ടായിരുന്നു. നന്ദകുമാറിന്റെ അമ്മയെ ജയരാജൻ ഷാൾ അണിയിച്ചു. ഏതാനും ദിവസം മുൻപ് അമ്മയുടെ പിറന്നാൾ ആഘോഷത്തിനു വരാൻ കഴിയാഞ്ഞതിലുള്ള വിഷമം ഓർമിപ്പിച്ചാണു ജയരാജൻ ഷാൾ അണിയിച്ചത്.

അതേസമയം, താൻ ക്ഷണിക്കപ്പെട്ട അതിഥി അല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രവർത്തകനായ എം.ബി.മുരളീധരൻ വിളിച്ചതനുസരിച്ചാണു ക്ഷേത്രത്തിലെത്തിയതെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്നു രാജിവച്ച മുരളീധരൻ ഇപ്പോൾ സിപിഎം സംഘടനയായ കർഷക സംഘത്തിന്റെ ഏരിയ വൈസ് പ്രസിഡന്റാണ്. 

ആരും ക്ഷണിച്ചിട്ടല്ല ക്ഷേത്രത്തിൽ പോയതെന്നും ഇ.പി.ജയരാജൻ വന്നത് എന്തിനാണെന്ന് അദ്ദേഹത്തിനേ അറിയൂ എന്നും കെ.വി.തോമസും പറഞ്ഞു. യാദൃച്ഛികമായാണ് ജയരാജനും കെ.വി.തോമസും എത്തിയതെന്ന് നന്ദകുമാർ പറഞ്ഞു.   അതേസമയം, ജാഥ കോഴിക്കോട്ട് പര്യടനം നടത്തുന്നതിനിടെ ജന്മനാടായ ഇരിണാവിൽ ചുഴലി ഭഗവതി ക്ഷേത്രം ഊട്ടുപുരയും ഓഫിസ് കെട്ടിട സമുച്ചയവും സമർപ്പിക്കുന്ന ചടങ്ങിൽ ജയരാജൻ ഇന്നലെ വൈകിട്ട് പങ്കെടുത്തു.

 

അവാസ്തവം:ഇ.പി.ജയരാജൻ

നന്ദകുമാർ ക്ഷണിച്ചിട്ടല്ല ക്ഷേത്രത്തിലെ ചടങ്ങിനു പോയത്. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദേശാഭിമാനി ജീവനക്കാരനെ കാണാനാണ് 21ന് രാവിലെ കൊച്ചിയിലേക്കു പോയത്. പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോൾ എം.ബി.മുരളീധരൻ വിളിച്ചു.  അദ്ദേഹം ഭാരവാഹിയായ ക്ഷേത്രം കാണാൻ ക്ഷണിച്ചു. 

പ്രായം കൂടിയ സ്ത്രീയെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും അതു നിർവഹിക്കാമോയെന്നും ചോദിച്ചു. അവർ തന്ന ഷാൾ സ്ത്രീയെ അണിയിച്ചു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ കഴിച്ചു. പ്രചരിക്കുന്ന മറ്റുകാര്യങ്ങളെല്ലാം അവാസ്തവമാണ്.

English Summary: EP Jayarajan against MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com