ADVERTISEMENT

കൊച്ചി ∙ റായ്ബറേലിയിൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനു പഠിക്കാൻ പോകുമ്പോഴാണ് മാർട്ടിന സെലിൻ ആദ്യമായി വിമാനത്തിൽ കയറുന്നത്. ഇന്നലെ ലോകവനിതാദിനത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കമാൻഡർ പൈലറ്റ് റോളിലായിരുന്നു മാർട്ടിന എന്ന തോപ്പുംപടിക്കാരി. വനിതകൾ മാത്രമടങ്ങിയ ക്രൂവിൽ ഫസ്റ്റ് ഓഫിസർ കനീസ ഫാത്തിമയും. ക്യാബിൻ ക്രൂവിൽ എൻ.നിഷ, കെ.എ.ഷമീറ, എം.ഗ്രീഷ്മ, നിതിക ചൗധരി എന്നിവരും അഭിമാനത്തിന്റെ നീലാകാശം തൊട്ട യാത്രയിൽ പങ്കാളികളായി.

എല്ലാ ജീവനക്കാരും വനിതകളായുള്ള 90 വിമാനസർവീസുകളാണ് എയർ ഇന്ത്യ വനിതാദിനത്തിൽ നടത്തിയത്. ജെആർഡി ടാറ്റയുടെ ആദ്യ വാണിജ്യ വിമാനസർവീസിന്റെ 90–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 90 സർവീസുകൾ തിരഞ്ഞെടുത്തത്. ഇതിൽ ആദ്യത്തേതായിരുന്നു പുലർച്ചെ 6 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–ദുബായ് ഐഎക്സ് 435 വിമാനം.

‘‘വ്യത്യസ്തമായ ജോലികൾ സ്വീകരിക്കുന്നവർക്ക് പ്രചോദനമാകണം ഈ യാത്ര. വ്യോമയാനമേഖലയിലാണ‌ു ലിംഗസമത്വം ഏറെയുള്ളത്. തികഞ്ഞ പ്രഫഷനലിസം. പെ‍ൺകുട്ടിയെന്ന നിലയിൽ ഒരു വിവേചനവും നേരിട്ടിട്ടില്ല. തികച്ചും സാധാരണ ചുറ്റുപാടിൽ വളർന്നയാളാണ് ഞാൻ. അച്ഛൻ ജോസഫ് ചാണയിൽ അക്വിനാസ് കോളജിലെ സൂപ്രണ്ടായിരുന്നു. പത്രത്തിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന്റെ കോഴ്സ് സംബന്ധിച്ച പരസ്യം കണ്ട് അച്ഛനാണ് നിർബന്ധിച്ച് എൻട്രൻസ് എഴുതിച്ചത്. പഠിച്ചിറങ്ങിയ ഉടൻ എയർ ഇന്ത്യ എക്സ്പ്രസിൽ ക്യാംപസ് റിക്രൂട്മെന്റിൽ ഫസ്റ്റ് ഓഫിസറായി ജോലി കിട്ടി. വീട്ടിൽ നിന്ന് വിമാനത്താവളത്തിലെത്തി വിദേശത്തേക്ക് വിമാനം പറപ്പിക്കുക എന്നത് വലിയ ആഹ്ലാദം തരുന്ന അനുഭവമാണ്’’. മാർട്ടിന പറഞ്ഞു.

പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ടേക്ക് ഓഫിലും ലാൻഡിങ്ങിലും ഏറ്റവും മനോഹരമായ സ്ഥലം കൊച്ചിയാണെന്ന് മാർട്ടിന പറയുന്നു. പശ്ചിമഘട്ടവും നദിയും പുഴകളും കായലും കണ്ണുകുളിർപ്പിക്കുന്ന കാഴ്ചയാണ്. പ്രഭാതവും സായാഹ്നവും ഇത്ര മനോഹരമായ കാഴ്ച തരുന്ന മറ്റൊരു വിമാനത്താവളമില്ലെന്നാണ് മാർട്ടിനയുടെ സാക്ഷ്യം. 4000 ഫ്ലൈയിങ് അവേഴ്സ് പൂർത്തിയാക്കിയ മാർട്ടിന 2022 മുതൽ കമാൻഡിങ് പൈലറ്റാണ്. മാർട്ടിനയുടെ ഭർത്താവ് കിരൺ ബേസിൽ ജോസും എയർഇന്ത്യ എക്സ്പ്രസിൽ പൈലറ്റാണ്.

English Summary : Air India operated 90 services with only women employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com