ADVERTISEMENT

ഏഴരപ്പതിറ്റാണ്ടു മുൻപ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ രൂപീകരണ യോഗം ചേരാൻ അന്നത്തെ മദിരാശിയിൽ ഹാളുകൾ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. 75 വർഷങ്ങൾക്കിപ്പുറം അതേ ചെന്നൈയിൽ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ തമിഴ്നാട്ടിലെ ഭരണമുന്നണിയിൽ അംഗമാണ് ലീഗ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താണ്ടിയ വഴികളിലെ കല്ലും മുള്ളും നേടിയെടുത്ത രാഷ്ട്രീയ ശക്തിയുടെ കൊടിയടയാളവും ഈ രണ്ടു സംഭവങ്ങളിൽനിന്നു വായിച്ചെടുക്കാം.

യോഗത്തിന് ഹാളില്ല

ഹാൾ കിട്ടാതെ ഒടുവിൽ ചെന്നൈയിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് (ഇന്നത്തെ രാജാജി ഹാൾ) ലീഗ് രൂപീകരണ യോഗം ചേർന്നത്. സ്വതന്ത്ര ഇന്ത്യയിൽ ലീഗ് പ്രവർത്തിക്കേണ്ടതില്ലെന്ന തീരുമാനം യോഗത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നത്തെ മദ്രാസ് ഗവൺമെന്റ് അനുമതി നൽകിയതെന്ന കിംവദന്തികളും പിന്നീടു പ്രചരിച്ചു. കേരളത്തിൽ, മുന്നണിയായി മത്സരിച്ചു വലിയ വിജയം നേടിയ ശേഷവും അധികാരത്തിൽ ലീഗിനു പങ്കാളിത്തം നൽകാത്ത സ്ഥിതിയുണ്ടായി. അടിയുറച്ച വോട്ട് ബാങ്കിന്റെ കരുത്തും ദീർഘദർശികളായ നേതാക്കളുടെ ഇച്ഛാശക്തിയും ആയുധമാക്കി ലീഗ് വെല്ലുവിളികൾ നേരിട്ടു. 1979ൽ കുറഞ്ഞ കാലത്തേക്കാണെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ലീഗ് പ്രതിനിധി സി.എച്ച്.മുഹമ്മദ് കോയ ഇരുന്നു. 2004ൽ ഇ.അഹമ്മദിലൂടെ കേന്ദ്രമന്ത്രി പദവിയും പാർട്ടിയെ തേടിയെത്തി.

1948 മാർച്ച് 10നു 51 പേർ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് അഖിലേന്ത്യാ പ്രസിഡന്റും വിജയവാഡയിൽ നിന്നുള്ള മെഹബൂബ് അലി ബേഗ് ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു.  ബാഫഖി തങ്ങൾ പ്രസിഡന്റും കെ.എം.സീതി സാഹിബ് ജനറൽ സെക്രട്ടറിയുമായി മലബാർ ജില്ലാ ലീഗ് കമ്മിറ്റിയും നിലവിൽ വന്നു.1956ൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ ഇരുവരും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി.

1950 ഒക്ടോബർ 28ന്, അന്ന് മദ്രാസ് നിയമസഭയുടെ ഭാഗമായിരുന്ന മലപ്പുറം മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.പി.എ.ഹസൻ കുട്ടി കുരിക്കൾ ജയിച്ചു. രൂപീകരണത്തിനു ശേഷം കേരളത്തിലെ ലീഗിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു അത്.

മുന്നണി രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണങ്ങൾ

ഇഎംഎസ് സർക്കാരിനെതിരായ വിമോചന സമരത്തെ ലീഗ് പിന്തുണച്ചു. 1960ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്– പിഎസ്പി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുകയും ചെയ്തു. എന്നാൽ, മുന്നണി വിജയിച്ചപ്പോൾ ലീഗിനെ മന്ത്രിസഭയിലെടുക്കാൻ കോൺഗ്രസ് തയാറായില്ല. കേന്ദ്ര നേതൃത്വത്തിന്റെ നീരസമാണു കാരണം. നീണ്ട ചർച്ചകൾക്കൊടുവിൽ ലീഗിനു സ്പീക്കർ സ്ഥാനം നൽകാൻ ധാരണയായി. അങ്ങനെ, 1960 ഫെബ്രുവരി 22 ലീഗ് ചരിത്രത്തിലെ സുപ്രധാന ദിവസമായി. പട്ടം താണുപിള്ള സർക്കാരിൽ കെ.എം.സീതി സാഹിബ് സ്പീക്കറായി ചുമതലയേറ്റത് അന്നാണ്. ലീഗിനു ലഭിക്കുന്ന ആദ്യ ഭരണഘടനാ പദവി.

1966ൽ ചെന്നൈയിൽ നടന്ന ദേശീയ കൗൺസിലാണു പാർട്ടിയുടെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവ്. അതുവരെ കോൺഗ്രസുമായി യോജിച്ചുപോകുന്ന രാഷ്ട്രീയ നിലപാടാണു ലീഗ് സ്വീകരിച്ചത്. എന്നാൽ, നിലപാടുമായി യോജിക്കാവുന്ന ഏതു പാർട്ടിയുമായും സഖ്യമാകാമെന്നു കൗൺസിൽ തീരുമാനിച്ചു. തൊട്ടടുത്ത വർഷം കേരളത്തിൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ചു ജയിച്ച ലീഗിന് ആദ്യമായി ഭരണപങ്കാളിത്തം ലഭിച്ചു. 

മലപ്പുറം ജില്ലാ രൂപീകരണവും കാലിക്കറ്റ് സർവകലാശാല നിലവിൽ വരുന്നതുമൊക്കെ ആ സർക്കാരിന്റെ കാലത്താണ്. ആദ്യ സർക്കാരിൽ ലീഗിനു ലഭിച്ച വകുപ്പുകളിലൊന്നു വിദ്യാഭ്യാസമായിരുന്നു. സി.എച്ച്.മുഹമ്മദ് കോയയാണു അതു കൈകാര്യം ചെയ്തത്. പിന്നീടു പല തവണ ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചു. മലബാറിൽ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ പുരോഗതിക്ക് ഇതു പ്രധാന കാരണമായി.

പിളർപ്പുകൾ തളർത്തിയില്ല

1974ൽ അഖിലേന്ത്യാ ലീഗും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി പിളർന്നെങ്കിലും പിന്നീട് ഇരു പാർട്ടികളും ലയിച്ചു. പിളർപ്പിനു ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1977ലാണ്. ഇടതു മുന്നണിയുടെ ഭാഗമായിരുന്ന അഖിലേന്ത്യാ ലീഗ് ശക്തമായ പ്രചാരണം നടത്തിയെങ്കിലും ലീഗിന്റെ പരമ്പരാഗത കോട്ടകളിൽ കടന്നു കയറാൻ അവർക്കായില്ലെന്നു ഫലം തെളിയിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുറത്തുപോയതും പാർട്ടിയെ വലിയതോതിൽ ബാധിച്ചില്ല. വർഗീയ ധ്രുവീകരണത്തിനെതിരെ അന്നു ലീഗെടുത്ത ഉറച്ച നിലപാട് പിന്നീടു പാർട്ടിക്കു വലിയ സ്വീകാര്യത ലഭിക്കുന്നതിനു കാരണമായി. 

തിരിച്ചടികളുടെ രണ്ട് തിരഞ്ഞെടുപ്പുകൾ

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനകീയ അടിത്തറ ഇളകാതെ കാത്തെങ്കിലും 2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഉറച്ച മണ്ഡലമായ മഞ്ചേരിയിലും തുടർന്ന് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിനു കനത്ത അടിയേറ്റു. പ്രമുഖ നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.മുനീറും തോറ്റു. നിയമസഭയിലെ അംഗസംഖ്യ ഒറ്റ അക്കത്തിലെത്തി.

സംഘടനയിൽ ഇളക്കിപ്രതിഷ്ഠ നടത്തി തിരിച്ചു വരാനുള്ള ലീഗിന്റെ ശ്രമം വിജയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സീറ്റ് നേടി (2011) ലീഗ് കരുത്തു തെളിയിച്ചു. മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ പ്രതിനിധികളെ (5) ലഭിച്ചതും ആ നിയമസഭയുടെ കാലത്താണ്. നേതൃത്വത്തിന്റെ ദീർഘവീക്ഷണവും അണികളുടെ അചഞ്ചലമായ കൂറുമാണു ലീഗിനെ പ്രതിസന്ധികളിലും തളരാത്ത രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുന്നത്. ഏഴരപ്പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുമ്പോൾ കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്യുന്നതും അതിജീവനത്തിനുള്ള ലീഗിന്റെ അപൂർവ സിദ്ധിയെക്കുറിച്ചാണ്. 

Content Highlights: Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com