ADVERTISEMENT

തിരുവനന്തപുരം∙ കഥാകൃത്തും നോവലിസ്റ്റുമായ സാറാ തോമസ് (88) അന്തരിച്ചു. നന്ദാവനം പൊലീസ് ക്യാംപിന് എതിർവശം ‘എൻആർഎ– 44 പ്രശാന്തി’ൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൂന്നു വർഷമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. സംസ്ഥാന സർക്കാർ ബഹുമതിയോടെ സംസ്കാരം ഇന്നു വൈകിട്ട് 4 നു പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗം പ്രഫസറായിരുന്ന പരേതനായ ഡോ.തോമസ് സക്കറിയ ആണു ഭർത്താവ്. മക്കൾ: ശോഭ ജോർജ് (ആർസിസി കെയർ പ്ലസ്), ദീപ തോമസ് (അധ്യാപിക, ഗോവ). മരുമക്കൾ: പരേതനായ ജോർജ് പുളിമൂട് (ചാർട്ടേഡ് അക്കൗണ്ടന്റ്), പരേതനായ ചാൾസ് ജോൺ സക്കറിയ (എൻജിനീയർ, എംആർഎഫ്, ഗോവ). ജസ്റ്റിസ് അന്നാ ചാണ്ടി മാതൃസഹോദരിയാണ്. നന്ദാവനത്തെ വസതിയിൽ ഇന്നു രാവിലെ 9 മുതൽ പൊതുദർശനം. ഉച്ചയ്ക്കു 2നു സംസ്‌കാരശുശ്രൂഷ.

കോട്ടയം വേളൂർ സ്വദേശിയും കഴക്കൂട്ടം സബ് റജിസ്ട്രാറുമായിരുന്ന വർക്കി എം.മാത്യുവിന്റെയും സാറാമ്മയുടെയും മകളായി 1934 സെപ്റ്റംബർ 14നായിരുന്നു ജനനം. തിരുവനന്തപുരം മഹാരാജാസ് സ്കൂൾ, കോട്ടൺഹിൽ സ്കൂൾ, വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

1969– ൽ പുറത്തുവന്ന ‘ജീവിതമെന്ന നദി’യാണ് ആദ്യനോവൽ. ‘നാർമടിപ്പുടവ’ എന്ന നോവൽ 1979– ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2010 ൽ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം. ‘അസ്തമയം’, ‘പവിഴമുത്ത്’, ‘അർച്ചന’, ‘മുറിപ്പാടുകൾ’ എന്നീ നോവലുകൾ സിനിമയായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ ‘മണിമുഴക്ക’ത്തിനു സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ചലച്ചിത്രത്തിനുള്ള രജത കമലവും ലഭിച്ചു. നോവൽ, കഥ എന്നിവയിലായി 25ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 

സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, കേരള ഫിലിം സർട്ടിഫിക്കറ്റ് കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ, ദൂരദർശൻ ഫിലിം സ്‌ക്രീനിങ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. മറ്റു പ്രധാന കൃതികൾ: ‘ദൈവമക്കൾ’, ‘ഉണ്ണിമായയുടെ കഥ’, ‘ഗ്രഹണം’, ‘നീലക്കുറിഞ്ഞികൾ ചുവക്കുംനേരം’, ‘അഗ്‌നിശുദ്ധി’ (നോവലുകൾ). ‘സ്ത്രീപക്ഷകഥകൾ’, ‘എന്റെ കണ്ണാന്തളിപ്പൂക്കൾ’, ‘തെളിയാത്ത കൈരേഖകൾ’ (കഥാസമാഹാരങ്ങൾ‍).

English Summary: Sarah Thomas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com