കെട്ടിടനിർമാണ ഫീസ് ഇന്നുമുതൽ കുത്തനെ കൂടും
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നുമുതൽ വീടു നിർമാണത്തിനു ചെലവേറും. കെട്ടിടനിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്നു നിലവിൽ വരും.
അപേക്ഷാ ഫീസ് 30 രൂപയിൽനിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000– 5000 രൂപയും കൂട്ടി. പെർമിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽനിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽനിന്ന് 15,000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽനിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.
English Summary : Building permit fees