ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു; അച്ചടക്കനടപടി അല്ലെന്നു വത്തിക്കാൻ സ്ഥാനപതി
Mail This Article
ന്യൂഡൽഹി ∙ ജലന്തർ രൂപതാധ്യക്ഷസ്ഥാനത്തു നിന്നു ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ബിഷപ് ഇമെരിറ്റസ് ആയി അദ്ദേഹം അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നു രാജി വാർത്ത അറിയിച്ച് ബിഷപ് പറഞ്ഞു.
‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. ഞാനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിനു കാരണമാകട്ടെ’– വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2022 ജനുവരിയിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
രാജിവയ്ക്കാൻ ഡോ. ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെടുകയായിരുന്നുവെങ്കിലും അത് അച്ചടക്കനടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വിശദീകരിച്ചു. സഭയുടെ നന്മയെക്കരുതിയും ജലന്തർ രൂപതയ്ക്കു പുതിയ ബിഷപ്പിനെ നിയോഗിക്കേണ്ടതിനാലുമാണു തീരുമാനമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ജലന്തർ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നലോ ഗ്രേഷ്യസ് പദവിയിൽ തുടരും.
ജലന്തർ രൂപതയുടെ കീഴിൽ വൈദികനായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2009 ലാണു ഡൽഹിയിൽ സഹായ മെത്രാനായി നിയമിച്ചത്. 2013 ൽ ജലന്തർ രൂപതയുടെ ബിഷപ്പായി.
English Summary: Franco Mulakkal resigned from the post of Jalandhar Bishop