ADVERTISEMENT

തിരുവനന്തപുരം ∙ കായംകുളം എംഎസ്എം കോളജിൽ പ്രവേശനം നേടാൻ നിഖിൽ തോമസ് ഉപയോഗിച്ചതു വ്യാജരേഖയാണെന്ന്, സർവകലാശാലകളിലെ രേഖകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയ കേരള വിസി ഡോ.മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ രംഗത്തുവന്നു. നിഖിൽ തോമസിന്റേതിനു സമാനമായ ആരോപണം നേരിട്ടയാളാണു കേരള വിസിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. ഒരേസമയം കേരളത്തിലും ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിലും പിജി ചെയ്തെന്ന ആക്ഷേപത്തിൽ നിയമനടപടിയുൾപ്പെടെ ഉണ്ടായിട്ടുണ്ട്. കേരള വിസിയുമായി എസ്എഫ്ഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയപശ്ചാത്തലം എല്ലാവർക്കുമറിയാവുന്നതാണ്. ആദ്യമായല്ല മോഹനൻ കുന്നുമ്മൽ രാഷ്ട്രീയം കളിക്കുന്നതെന്നും ആർഷോ പറഞ്ഞു. 

പരീക്ഷ മാത്രമെഴുതിയാൽ സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാലകൾ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. കലിംഗ സർവകലാശാല കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ്. കലിംഗയുടെ സർട്ടിഫിക്കറ്റ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഇത്തരം സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകൻ പഠിക്കാൻ പോയതു ശരിയോ എന്ന് ആത്മപരിശോധന നടത്തണം. 2018ൽ കായംകുളം എംഎസ്എം കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് റദ്ദാക്കിയത്. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായതു 2022ലാണ്. നിഖിലിനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽനിന്നു മാറ്റിയതല്ല. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ആരോപണമുയർന്ന സാഹചര്യത്തിൽ ഈ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. സംഘടനയ്ക്കുള്ളിൽ നിഖിലിനെതിരെ പരാതി ലഭിച്ചിട്ടില്ല. 

കാലിക്കറ്റ് സർവകലാശാലയിൽ മാനദണ്ഡത്തിനു വിരുദ്ധമായി സെനറ്റിലേക്കു മത്സരിച്ചു ജയിച്ച എംഎസ്എഫിന്റെ അമീൻ റഷീദ്, വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയ കെഎസ്‍യു സംസ്ഥാന കൺവീനർ എന്നിവരുടെ കാര്യത്തിൽ മാധ്യമങ്ങൾ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നില്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ കെ.വിദ്യയെ അറസ്റ്റ് ചെയ്യണമെന്നാണ് എസ്എഫ്ഐ നിലപാട്. വിദ്യയെ ആരെങ്കിലും സംരക്ഷിക്കുന്നതായി അറിയില്ലെന്നും ആർഷോ പറഞ്ഞു. 

English Summary : SFI against VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com