സ്മാർട്സിറ്റി കൊച്ചി സിഇഒ രാജിവച്ചു
Mail This Article
തിരുവനന്തപുരം–കൊച്ചി ∙ കേരളത്തിൽ ഐടി വികസനം ലക്ഷ്യമിട്ടു സർക്കാർ പങ്കാളിത്തത്തിൽ പ്രവർത്തനം തുടങ്ങിയ സ്മാർട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു സിഇഒ മനോജ് നായരുടെ രാജിയെങ്കിലും, പദ്ധതി നടത്തിപ്പിൽ സർക്കാരും കമ്പനിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണു കാരണമെന്നാണു സൂചന. സിഇഒ രാജിക്കത്ത് നൽകിയതായി ഐടി വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത ഡയറക്ടർ ബോർഡ് യോഗം രാജിക്കാര്യത്തിൽ തീരുമാനമെടുക്കും. സർക്കാരിന് 16 ശതമാനവും യുഎഇയിലെ ആഗോള നിക്ഷേപ മാനേജ്മെന്റ് കമ്പനിയായ ദുബായ് ഹോൾഡിങ്ങിന് 84 ശതമാനവും ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ ഐടി ടൗൺഷിപ് സംരംഭമാണു സ്മാർട്സിറ്റി കൊച്ചി. മുഖ്യമന്ത്രി ചെയർമാനും ദുബായ് ഹോൾഡിങ്ങിന്റെ ഖാലിദ് മാലിക് എംഡിയുമായ കമ്പനിയിൽ ഐടി സെക്രട്ടറിയും ഡയറക്ടറാണ്.
കരാർ ഒപ്പുവച്ചു 12 വർഷത്തിനു ശേഷവും ലക്ഷ്യത്തിലെത്താൻ കഴിയാതെ ഇഴയുന്ന സ്മാർട്സിറ്റി കൊച്ചി ഐടി പദ്ധതിയിൽ നിന്ന് ഇതു വരെ പടിയിറങ്ങിയത് 4 സിഇഒമാരാണ്. 2011 ലാണു സ്മാർട് സിറ്റിക്കായി സംസ്ഥാന സർക്കാരും ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള ടീകോം ഇൻവെസ്റ്റ്മെന്റ്സും കരാർ ഒപ്പിടുന്നത്; പദ്ധതി സംബന്ധിച്ച ആലോചനകൾക്ക് അതിലും പഴക്കമുണ്ടെങ്കിലും. ഫരീദ് അബ്ദുൽ റഹ്മാൻ, ബാജു ജോർജ്, ജിജോ ജോസഫ് എന്നിവരാണു മനോജ് നായർക്കു മുൻപു സ്മാർട്സിറ്റിയെ നയിച്ചത്. ഇവരെല്ലാം പല കാരണങ്ങളാൽ രാജിവയ്ക്കുകയായിരുന്നു. ദുബായ് കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റങ്ങളെത്തുടർന്നാണു 2017 ജനുവരിയിൽ മനോജ് നായർ സിഇഒ ആയി ചുമതലയേറ്റത്. ദുബായ് ഹോൾഡിങ്ങിന്റെ ആഗോള ബിസിനസുകളുടെ പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ 2016 ഓഗസ്റ്റിലാണു സിഇഒയുടെ ചുമതല വഹിച്ചിരുന്ന ബാജു ജോർജിനെ നീക്കിയത്. സെപ്റ്റംബർ ഒടുവിൽ മനോജ് നായരെ സിഇഒ ആയി നിയമിച്ചു.
അതേസമയം, മഹാപ്രളയവും കോവിഡും ഐടി മേഖലയിലുണ്ടായ മാറ്റങ്ങളുമെല്ലാം സ്മാർട്ട് സിറ്റിയുടെ വളർച്ചയ്ക്കു തടസ്സമായി. സിഇഒമാർ മാറി മാറി വന്നെങ്കിലും 10 വർഷത്തിനകം 88 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളും 90,000 തൊഴിലവസരങ്ങളുമെന്ന ലക്ഷ്യം ഇനിയും അകലെയാണ്. ഇതുവരെ അയ്യായിരത്തിലേറെ തൊഴിലവസരങ്ങളാണു ലഭിച്ചത്. ആഗോളതലത്തിലെ വമ്പൻ കമ്പനികൾ എത്തുമെന്ന സർക്കാരിന്റെയും കമ്പനി അധികൃതരുടെയും വാഗ്ദാനവും പാലിക്കാനായിട്ടില്ല.
മുൻപു രാജിവച്ച സിഇഒ ബാജു ജോർജിനെ നോർക്ക വകുപ്പിനു കീഴിൽ സർക്കാർ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയുടെ എംഡിയായി നിയമിച്ചിരുന്നു. ഈ നിയമനവും കമ്പനിയുടെ പ്രവർത്തനവും പിന്നീട് വിവാദമായി. കണ്ണൂരിലും കൊല്ലത്തുമായി രണ്ട് ഐടി പാർക്കുകൾ സർക്കാർ തുടങ്ങാനിരിക്കെയാണ് ഐടി മേഖലയിൽ സർക്കാരിനു കൂടി പങ്കാളിത്തമുള്ള കമ്പനിയിലെ രാജി. സർക്കാർ ഐടി പാർക്കുകളുടെ സിഇഒ ജോൺ എം.തോമസും മാസങ്ങൾക്കു മുൻപു രാജിവച്ചിരുന്നു.
English Summary: Smartcity Kochi CEO resigns