ഡോക്ടർമാരുടെ ദിനത്തിൽ യുവ ഡോക്ടർക്കു മർദനം
Mail This Article
കൊച്ചി ∙ ഡോക്ടർമാരുടെ ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്കു മർദനം. ഹൗസ് സർജൻ കൊട്ടാരക്കര സ്വദേശി ഡോ. ഹരീഷ് മുഹമ്മദിനെയാണ് (26) ഇന്നലെ പുലർച്ചെ 1.30നു 2 യുവാക്കൾ മർദിച്ചത്. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതു ചോദ്യംചെയ്തതിനെ തുടർന്നാണു മർദനം. കുമ്പളങ്ങി ഇല്ലിക്കൽ ജംക്‌ഷൻ സ്വദേശി റോബിൻ റോഷൻ (25), മട്ടാഞ്ചേരി മൂലംകുഴി സ്വദേശി ജോസ്നീൽ സൈറസ് (25) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രി സംരക്ഷണ നിയമപ്രകാരമാണു പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികളിലൊരാളുടെ സഹോദരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ കാണാനാണ് ഇവർ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിനു സമീപമുള്ള കഫറ്റേരിയയിൽ വനിതാ ഹൗസ് സർജനോട് ഇവർ മോശമായി സംസാരിച്ചതു ഡോ. ഹരീഷ് ചോദ്യം ചെയ്തു. തുടർന്നു വാക്കുതർക്കമുണ്ടാവുകയും ഇരുവരും ചേർന്നു ഹരീഷിനെ മർദിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടർ സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസുകാരനെയും വിവരമറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.
ഓടുന്നതിനിടെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് ആശുപത്രി ജീവനക്കാർക്കു ലഭിച്ചിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഹൗസ് സർജൻമാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ചു.
English Summary : Young doctor assaulted on Doctors' Day