ADVERTISEMENT

കൊല്ലം ∙ മലയാളത്തിലെ ക്ലാസിക്കുകളായി വിലയിരുത്തപ്പെടുന്നതടക്കമുള്ള ചലച്ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ കശുവണ്ടി വ്യവസായിയുമായ കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കഴിഞ്ഞയാഴ്ച നവതി ആഘോഷിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ 12 മണിയോടെ സ്വവസതിയായ കൊച്ചുപിലാംമൂട് നാണി നിവാസിലായിരുന്നു. ഭൗതിക ശരീരം ഇന്നു 11.30ന് വീട്ടിൽ നിന്ന് അദ്ദേഹം സ്ഥാപിച്ച കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സെന്ററിലെത്തിച്ച് 2 മണിവരെ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം പബ്ലിക് ലൈബ്രറി വളപ്പിൽ സംസ്കാരം. 

കശുവണ്ടി വ്യവസായ രംഗത്തെ മുൻനിര സ്ഥാപനമായ വിജയലക്ഷ്മി കാഷ്യൂ കമ്പനി (വിഎൽസി) യുടെ ഉടമയായ അദ്ദേഹം 1967 ൽ സ്ഥാപിച്ച ജനറൽ പിക്ചേഴ്സിന്റെ ബാനറിലാണു മലയാളത്തിൽ സമാന്തര സിനിമയുടെ ചരിത്രമെഴുതിയ ചലച്ചിത്രങ്ങൾ പിറന്നത്. ജനറൽ പിക്ചേഴ്സ് രവി, അച്ചാണി രവി എന്നീ വിളിപ്പേരുകളും അദ്ദേഹത്തിനുണ്ട്. കശുവണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്‌ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെ എട്ടു മക്കളിൽ അഞ്ചാമനായി ജനനം. ഫാത്തിമാ മാതാ നാഷനൽ കോളജിൽ നിന്നു ബികോം പൂർത്തിയാക്കി ബിസിനസിലേക്കു കടന്നു. 

പാറപ്പുറത്തിന്റെ നോവൽ ആസ്പദമാക്കി പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ ‘ലക്ഷപ്രഭു’, ‘കാട്ടുകുരങ്ങ്’, എ.വിൻസന്റിന്റെ അച്ചാണി എന്നീ ചിത്രങ്ങൾ. ‘അച്ചാണി’ സിനിമയുടെ ലാഭം കൊണ്ടാണു പബ്ലിക് ലൈബ്രറി നിർമിച്ചത്. ‘അച്ചാണി’ ക്കു ശേഷം വാണിജ്യാർഥത്തിലുള്ള ഒരു ചിത്രം കൂടിയേ രവി നിർമിച്ചിട്ടുള്ളൂ– ’82 ൽ എംടിയുടെ സംവിധാനത്തിൽ പുറത്തുവന്ന ‘മഞ്ഞ്’. ‘ശരത് സന്ധ്യ’ എന്ന പേരിൽ ഈ സിനിമ ഹിന്ദിയിലും എടുത്തു. 

അരവിന്ദനോടൊപ്പമായിരുന്നു സമാന്തര സിനിമായാത്രയുടെ തുടക്കം. കാഞ്ചനസീത ഇതിൽ ആദ്യ ചിത്രം. ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡും കേരള സർക്കാരിന്റെ പ്രത്യേക പുരസ്കാരവും ഇതു നേടി. ‘തമ്പ്’, ‘കുമ്മാട്ടി’, ‘എസ്‌തപ്പാൻ’, ‘പോക്കുവെയിൽ’ എന്നിവ വരെ രവി–അരവിന്ദൻ കൂട്ടായ്‌മ നീണ്ടു.

രാജ്യാന്തര തലത്തിൽ ഖ്യാതി കേട്ട ‘എലിപ്പത്തായ’ത്തിലൂടെയായിരുന്നു അടൂർ ഗോപാലകൃഷ്ണനുമായുള്ള കൂട്ടുകെട്ടിനു തുടക്കം. ‘മുഖാമുഖ’വും ‘അനന്തര’വും ‘വിധേയ’നും പിന്നാലെ പിറന്നു. ജനറൽ പിക്ചേഴ്സ് ആകെ നിർമിച്ച 14 ചിത്രങ്ങളിലൂടെ നിർമാതാവിനുൾപ്പെടെയുള്ള 18 സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ കൊയ്തു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, ദേശീയ ചലച്ചിത്രോത്സവ ജൂറി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ.സി. ഡാനിയൽ പുരസ്കാരം 2008 ൽ നൽകി സംസ്‌ഥാന സർക്കാർ ആദരിച്ചു.

ഗായികയായിരുന്ന പരേതയായ ഉഷയാണു ഭാര്യ. മക്കൾ: പ്രതാപ് നായർ (മാനേജിങ് പാർട്ണർ, വിഎൽസി), പ്രീത, പ്രകാശ് നായർ (മാനേജിങ് പാർട്ണർ, വിഎൽസി). മരുമക്കൾ: രാജശ്രീ, സതീഷ് നായർ (ഇൻഡ്യ ഫുഡ് എക്സ്പോർട്സ്), പ്രിയ. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ ബി.അജയകുമാർ റീത്ത് സമർപ്പിച്ചു. 

English Summary: Producer K. Ravindranathan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com