കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അന്വേഷണം ഒന്നുമായില്ല
Mail This Article
കാലടി∙ എസ്എഫ്ഐ നേതാവ് കെ.വിദ്യ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണ ചട്ടങ്ങൾ അട്ടിമറിച്ചാണെന്ന ആരോപണത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അന്വേഷണം മുടന്തി നീങ്ങുന്നു. സിൻഡിക്കറ്റിന്റെ ലീഗൽ ഉപസമിതിയെയാണ് അന്വേഷണം നടത്താൻ വൈസ് ചാൻസലർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സിൻഡിക്കറ്റ് അംഗം ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാറാണ് സമിതി അധ്യക്ഷൻ. സമിതിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ വയ്ക്കേണ്ടതായിരുന്നു. എന്നാൽ സമിതിയുടെ അന്വേഷണ കാലാവധി കഴിഞ്ഞിട്ടും കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതുമൂലം വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം സിൻഡിക്കറ്റിൽ ചർച്ചയായില്ല.
സമിതി ഇതുവരെ ഒരു സിറ്റിങ് മാത്രമേ നടത്തിയിട്ടുള്ളു. എംഎൽഎയുടെ തിരക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമിതി അംഗങ്ങൾ ഒത്തുചേരാനുള്ള ബുദ്ധിമുട്ടുമാണ് സിറ്റിങ് നീണ്ടു പോകുന്നതിനു കാരണമായി അംഗങ്ങൾ പറയുന്നത്. എന്നാൽ അന്വേഷണം വലിച്ചു നീട്ടി ആരോപണം തേച്ചുമായ്ച്ചു കളയുകയാണ് ലക്ഷ്യമെന്നാണ് ആരോപണം. മലയാളം വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് 10 ഒഴിവുകൾ മാത്രം ഉള്ളപ്പോൾ വിദ്യയ്ക്കു പ്രവേശനം നൽകുന്നതിനായി അത് 15 ആയി വർധിപ്പിക്കുകയും അതിൽ സംവരണചട്ടം പാലിച്ചില്ലെന്നുമാണ് ആരോപണം. വിദ്യ സംസ്കൃത സർവകലാശാലയിൽ ഇപ്പോഴും പിഎച്ച്ഡി വിദ്യാർഥിനിയായി തുടരുന്നു.
English Summary : Report was not submitted even after investigation period of the committee expired on K Vidha PHD admission