യൂറോപ്യൻ റോവർ ചാലഞ്ച് ; ഫൈനൽ മത്സരത്തിലേക്ക് കുസാറ്റ് വിദ്യാർഥികൾ
Mail This Article
കളമശേരി ∙ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർഥികളുടെ കൂട്ടായ്മയായ ഹൊറൈസൺ, യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന റോബട്ടിക് മത്സരമായ യൂറോപ്യൻ റോവർ ചാലഞ്ച് ഫൈനലിൽ മത്സരിക്കുന്നതിനു യോഗ്യത നേടി. സെപ്റ്റംബറിൽ പോളണ്ടിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന 25 ടീമുകളിൽ ഒന്നാണ് ഇവർ. ഇന്ത്യയിൽ നിന്ന് 3 ടീമുകളുണ്ട്.
കുസാറ്റിലെ വിദ്യാർഥികളിൽ നിന്നു ടാലന്റ് ഹണ്ടിങ് നടത്തിയാണ് ഹൊറൈസൺ പ്രതിഭകളെ കണ്ടെത്തുന്നത്. 15 പെൺകുട്ടികൾ ഉൾപ്പെടെ 38 അംഗങ്ങളാണ് കൂട്ടായ്മയിൽ. 2020 ലെ യൂറോപ്യൻ റോവർ ചാലഞ്ച് മത്സരത്തിൽ 32–ാം സ്ഥാനത്തെത്തിയിരുന്നു. യുഎസ്എയിലെ ‘ദ് മാർസ് സൊസൈറ്റി’ സംഘടിപ്പിച്ച യൂണിവേഴ്സിറ്റി റോവർ ചാലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട 96 ടീമുകളിൽ ഒന്നാകാനും കുസാറ്റ് സംഘത്തിനു കഴിഞ്ഞു.
ഈ വർഷത്തെ ടീം ലീഡർ മുഹമ്മദ് സിയാദാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സ്പോൺസർഷിപ് കണ്ടെത്തുകയെന്നതാണു വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി. യാത്രച്ചെലവ് ഉൾപ്പെടെ 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും.
English Summary : Cusat students to the European Rover Challenge finals