പുതുപ്പള്ളി സ്ഥാനാർഥി ചർച്ച ഉടനില്ല, ചർച്ച നിർത്തണം: സതീശൻ
Mail This Article
തിരുവനന്തപുരം∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ച നേതാക്കളും മാധ്യമങ്ങളും അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അവകാശം കോൺഗ്രസിനു വിട്ടുതരണം. പാർട്ടിക്ക് അതിനുള്ള സംവിധാനമുണ്ട്. ചെറിയാൻ ഫിലിപ് നടത്തിയ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, എല്ലാവരോടും കൂടിയാണു താൻ അഭ്യർഥന വയ്ക്കുന്നതെന്നു സതീശൻ പറഞ്ഞു.
മൂന്നോ, നാലോ മാസം കഴിഞ്ഞാണു തിരഞ്ഞെടുപ്പ്. അവിടെ കോൺഗ്രസിനു സ്ഥാനാർഥിയുണ്ടാകും. കോൺഗ്രസ് പ്രസിഡന്റ് ഉചിത സമയത്തു പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനം നടത്തിയാൽ മണിക്കൂറുകൾക്കകം സ്ഥാനാർഥിയുടെ പേര് പാർട്ടി പ്രഖ്യാപിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. സ്ഥാനാർഥിയെ സംബന്ധിച്ച് ഇപ്പോൾ ചർച്ച തുടങ്ങിയിട്ടില്ല. ചർച്ച അടുത്ത ദിവസങ്ങളിലുമുണ്ടാകില്ല. എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്നു കെ.സുധാകരൻ പറഞ്ഞതു തമാശയാണ്. ഏതു മത്സരത്തിനും കോൺഗ്രസ് തയാറാണ്.
ഉമ്മൻചാണ്ടി അനുസ്മരണത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചതു മുതിർന്ന നേതാക്കളുടെ തീരുമാനപ്രകാരമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ ശൈലി. അദ്ദേഹത്തിന്റെ അനുസ്മരണവും അങ്ങനെ നടത്താൻ തീരുമാനിച്ചു. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു നേർക്കുണ്ടായ വേട്ടയാടൽ ജനമധ്യത്തിലുണ്ട്. എന്നാൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണു വിട്ടുപിരിഞ്ഞത്. അതുകൊണ്ടാണ് എല്ലാവരെയും പങ്കെടുപ്പിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഒരു വിവാദവുമില്ലെന്നും സതീശൻ പറഞ്ഞു.
ഒരുക്കങ്ങളിലേക്ക് കോൺഗ്രസ്; സ്ഥാനാർഥി ചർച്ചകൾ ഇപ്പോൾ വേണ്ടെന്നു ധാരണ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സംഘടനാപരമായ തയാറെടുപ്പുകൾ മുൻകൂട്ടി ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനുമായിരിക്കും മുഖ്യചുമതല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനു ശേഷം ചേർന്ന നേതാക്കളുടെ ചർച്ചകളിലാണ് ഇക്കാര്യം ധാരണയായത്. സ്ഥാനാർഥിയെക്കുറിച്ചുളള ഒരു ചർച്ചയും യോഗത്തിൽ ഉണ്ടായില്ല. അക്കാര്യത്തിൽ പൊതുചർച്ചയും വേണ്ടെന്നു പാർട്ടി നേതാക്കളോടും പ്രവർത്തകരോടും നിഷ്കർഷിക്കും.
പുതുപ്പളളി നിയോജകമണ്ഡലത്തിനു കീഴിലുള്ള രണ്ടു ബ്ലോക്കുകളുടെ വീതം ചുമതലയാണ് തിരുവഞ്ചൂരിനും കെ.സി.ജോസഫിനും കൈമാറിയത്. ഇവരുടെ കീഴിൽ പഞ്ചായത്തുകളുടെ ചുമതലയിലേക്കും പ്രധാന നേതാക്കൾ വരും. 152 ബൂത്ത് കമ്മിറ്റികളിലും ചുമതലക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. നേതാക്കളായ കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവർ പങ്കെടുത്തു.
English Summary: Puthupally candidate discussion not to be done immediately, discussion should be stopped: VD Satheesan