ADVERTISEMENT

ന്യൂഡൽഹി ∙ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽനിന്നു (സിഎംആർഎൽ) പണം വാങ്ങിയത് പാർട്ടി ചുമതലപ്പെടുത്തിയ നേതാക്കളാണെന്നും പാർട്ടിക്കു വേണ്ടിയുള്ള സംഭാവനയാണെന്നുമുള്ള ന്യായീകരണങ്ങൾ നിയമത്തിനുമുന്നിൽ വിലപ്പോകില്ല. 

ഇതുസംബന്ധിച്ച കാര്യങ്ങൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുൻപാകെ ആദായ നികുതി വകുപ്പുതന്നെ ഉന്നയിച്ചിരുന്നു. അവ ഇങ്ങനെയാണ്: 

∙ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകുന്നതിന് വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. കമ്പനികൾ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100% നികുതിയിളവ് ലഭിക്കാൻ ആദായ നികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. അങ്ങനെ പണം നൽകി അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി നികുതി ഇളവു നേടുന്നതിനു തടസമുണ്ടായിരുന്നില്ല. എന്നാൽ, കമ്പനി അതിനു താൽപര്യപ്പെട്ടില്ല. 

∙ 20,000 രൂപയിൽ കൂടുതലാണ് നൽകുന്നതെങ്കിൽ അതു ചെക്കായോ ബാങ്ക് അക്കൗണ്ടിലൂടെയോ ആണു നൽകേണ്ടത്. എന്നാൽ, നേതാക്കൾക്കു വൻ‍ തുകകൾ ‘കാഷ്’ ആയാണ് നൽകിയിട്ടുള്ളത്. നിയമം ലംഘിച്ചു പണം വാങ്ങിയവർ അന്വേഷണം നേരിടേണ്ടിവരും. 

∙ രാഷ്ട്രീയ നേതാക്കൾക്കും മറ്റും പണം നൽകിയത് എപ്പോൾ‍, എവിടെവച്ച്, എത്ര രൂപ എന്നു വ്യക്തമാക്കുന്ന രേഖകൾ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. പണം കൈപ്പറ്റിയതിനു രസീതോ മറ്റെന്തെങ്കിലും രേഖയോ ആരും നൽകിയിട്ടില്ലെന്നു സുരേഷ് കുമാർ മൊഴി നൽകിയിട്ടുമുണ്ട്. 

ഈ പശ്ചാത്തലത്തിലാണു പണമിടപാടുകൾ നിയമവിരുദ്ധമാണെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ടതാണെന്നും ആദായ നികുതി വകുപ്പ് നിലപാടെടുത്തത്. നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണു പണം നൽകിയതെന്നും പരിസ്ഥിതിക്കു ദോഷകരമായ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായിരുന്നു അതെന്നുമാണു കമ്പനി വ്യക്തമാക്കിയത്. കാഷ് ആയി നേതാക്കൾ കൈപ്പറ്റിയ വൻതുകകൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകളിൽ വെളിപ്പെടുത്തിയോ, വെളിപ്പെടുത്തിയെങ്കിൽ ആരു നൽകിയതെന്നു വ്യക്തമാക്കിയോ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.

English Summary: Justification worthless; Political parties not allowed to receive money in a non-systematic manner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com