ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചിയിലെ ദേശാഭിമാനി ഓഫിസിൽ 2.35 കോടി രൂപ നിഗൂഢമായി സമാഹരിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അതു തിരുവനന്തപുരത്തെ എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് ആണെന്നും താൻ തുറന്നെഴുതിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നെന്നു ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. 

‘‘കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ആ ഹോട്ടലിന്റെ പേര് അച്ചടിച്ച കവറുകൾക്കുള്ളിൽ രണ്ടു വലിയ കെട്ടുമായി രാത്രി 11ന് എകെജി സെന്ററിനു മുന്നിൽ വന്നിറങ്ങിയതു പിണറായി വിജയൻ ആണെന്ന് എഴുതിയിരുന്നെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്നു 3 ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെ തന്നെയായിരുന്നു’’– ഫെയ്സ്ബുക് കുറിപ്പിൽ ശക്തിധരൻ ആരോപിച്ചു. 

ദേശാഭിമാനിയിൽ നിന്നു കൈതോലപ്പായയിൽ കെട്ടി പണം കടത്തിയെന്നു ശക്തിധരൻ നേരത്തെ ആരോപിച്ചിരുന്നെങ്കിലും അതിൽ ഉൾപ്പെട്ടവരുടെ പേരുകൾ പറഞ്ഞിരുന്നില്ല. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബെന്നി ബെഹന്നാൻ എംപി നൽകിയ പരാതി തെളിവില്ലെന്നു പറ‍‍ഞ്ഞു പൊലീസ് എഴുതിത്തള്ളാൻ ശ്രമിക്കുന്നതിനിടെയാണു പേരുകൾ കൂടി വെളിപ്പെടുത്തി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. 

‘‘യഥാർഥ മാഫിയ രാജാവാണു പിണറായി വിജയനെന്നും തന്റെ കംപ്യൂട്ടറിൽ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായി വിജയൻ. കരിമണലിനു പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ വ്യവസായിയുമായുള്ള പങ്കു കച്ചവടമോ ഫാരിസ് അബൂബക്കറെ പോലുള്ള വൻകിടക്കാർക്ക് ഇവരിൽ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല. കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണു പിണറായിസത്തിന്റെ മഹത്വം’’– കുറിപ്പിൽ പറയുന്നു.

ഭാവന,കെട്ടുകഥ: പി.രാജീവ്

കൊച്ചി ∙ജി.ശക്തിധരന്റേത് ഭാവനയിൽ ഉദിച്ച കെട്ടുകഥ മാത്രമാണെന്നു മന്ത്രി പി.രാജീവ്. ആരോപണങ്ങളിൽ വസ്തുതകളുടെ കണിക പോലുമില്ലെന്നും മന്ത്രി പ്രതികരിച്ചു 

English Summary : Kaitholapaya controversy: Shaktidharan says nothing will happen even though if written that Pinarayi vijayan and rajeev 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com