ADVERTISEMENT

ആലുവ ∙ ബാലികയുടെ ജീവൻ കാത്തത് ഈഴുവത്ര ഇ.എസ്.സുകുമാരന്റെ(67) ജാഗ്രത. പുലർച്ചെ പെരുമഴയിലും കാതിൽ മുഴങ്ങിയ കുട്ടിയുടെ കരച്ചിലാണു ശുചിമുറിയിൽ പോകാനെഴുന്നേറ്റ സുകുമാരനെ ജനാല തുറന്നു പുറത്തേക്കു നോക്കാൻ പ്രേരിപ്പിച്ചത്. യുവാവു കുട്ടിയെ മർദിച്ചു റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതാണു വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടത്. കഴിഞ്ഞ ജൂലൈയിൽ ആലുവ മാർക്കറ്റിനു സമീപം ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവമാണു സുകുമാരന്റെ മനസ്സിൽ ആദ്യമെത്തിയത്. അന്നു കുട്ടിയെ കൊണ്ടുപോകുന്നതു പലരും കണ്ടിരുന്നു.

സുകുമാരൻ അപ്പോൾത്തന്നെ അയൽവാസി ഓട്ടോ ഡ്രൈവർ അബൂബക്കർ, കോണത്തുകാട്ടിൽ ഷാജി എന്നിവരെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. വടിയും ടോർച്ചുമായി മൂവരും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടില്ല. എന്നിട്ടും വീടുകളിലേക്കു മടങ്ങാതെ റോഡിൽ തന്നെ നിന്നു. അപ്പോഴാണു ബാലിക കരഞ്ഞുകൊണ്ടുവരുന്നതു കണ്ടത്. കുട്ടിയെ വീട്ടിലെത്തിച്ചശേഷം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

∙ നീന്തിക്കടക്കാൻ ശ്രമം, കുടുക്കിയത് ചുമട്ടുതൊഴിലാളികൾ

കടന്നുകളയാൻ പുഴയിലേക്കു ചാടിയ പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയതു 2 ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ. ദേശീയപാതയിൽ മാർത്താണ്ഡവർമ പഴയ പാലത്തിനു താഴെ മുട്ടോളം ചെളിയുള്ള സ്ഥലത്തു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ വൈകിട്ടു നാലോടെ പൊലീസ് വളഞ്ഞു.

പ്രതി പുഴയിൽ ചാടാനുള്ള സാധ്യത മുൻകൂട്ടി കണ്ട ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് തൊട്ടടുത്ത ആക്രിക്കടയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്ന സിഐടിയു ബൈപാസ് യൂണിറ്റ് അംഗങ്ങളായ വെളിയത്ത് ജോഷി, തോട്ടത്തിൽപറമ്പ് മുരുകൻ എന്നിവരെ സഹായത്തിനു കൂട്ടി. പ്രതി പുഴയിലേക്കു ചാടി മറുകരയിലേക്കു നീന്താൻ തുടങ്ങിയപ്പോൾ ജോഷിയും മുരുകനും പിന്നാലെ നീന്തിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കരയിലെത്തിച്ചു.

∙ ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോർജ്

ബാലികയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളജിൽ സൗജന്യ വിദഗ്ധചികിത്സ നൽകുന്നുണ്ട്. ചികിത്സ പൂർത്തിയാകും വരെ കുടുംബത്തിന് സൗജന്യ താമസവും ഒരുക്കി. കുട്ടിക്കു സംരക്ഷണം നൽകാൻ വനിത ശിശുവികസന വകുപ്പിനു മന്ത്രി നിർദേശം നൽകിയിരുന്നു.

∙ മുഖ്യമന്ത്രി ആലുവയിൽ; പൊലീസ് ഉന്നതരെ വിളിച്ചുവരുത്തി

വിവിധ ചടങ്ങുകൾക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ പാലസിൽ രാത്രി ഉറങ്ങിയദിവസം ഇവിടെനിന്നു 2 കിലോമീറ്റർ മാത്രം അകലെയുണ്ടായ കുറ്റകൃത്യം പൊലീസിനെയും മുൾമുനയിലാക്കി. വിവരമറിഞ്ഞ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ പാലസിലേക്കു വിളിച്ചു വരുത്തി വിവരങ്ങൾ തേടി.

ഡിഐജി എ.ശ്രീനിവാസ്, റൂറൽ എസ്പി വിവേക്‌കുമാർ എന്നിവർ മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ആലുവ കനത്ത പൊലീസ് ബന്തവസ്സിലായിരിക്കെയാണു സംഭവം.

English Summary: Aluva rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com