ADVERTISEMENT

തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ജയം നേടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നതനേതാക്കളെല്ലാം എകെജി സെന്ററിൽ ഒരുമിച്ചിരുന്നാണ് ആ രാഷ്ട്രീയ ആഘാതം ഏറ്റുവാങ്ങിയത്. ചാണ്ടിയുടെ ലീഡ് കുതിച്ചുയരുമ്പോൾ വോട്ടെണ്ണലിനൊപ്പം പാർട്ടി ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പുരോഗമിക്കുകയായിരുന്നു. യോഗം തുടങ്ങും മുൻപേ പരാജയം ഉറപ്പിച്ചെങ്കിലും ഇതേ സെക്രട്ടേറിയറ്റിൽ രൂപപ്പെടുത്തിയ തന്ത്രങ്ങളും കരുനീക്കങ്ങളുമെല്ലാം അമ്പേ തകരുന്നതു നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് അനുഭവിച്ചറിഞ്ഞു. ഉണ്ടാകില്ലെന്നു നേരത്തേ പറഞ്ഞ ‘സഹതാപ തരംഗം’ ഉണ്ടെന്നു സ്ഥാപിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. 

വോട്ടെണ്ണൽ ഒന്നാം റൗണ്ട് പിന്നിട്ടതിനു പിന്നാലെ സെക്രട്ടേറിയേറ്റ് യോഗത്തിനായി എകെജി സെന്ററിലേക്കെത്തിയ എ.കെ.ബാലനാണ് പാർട്ടി പ്രതികരണത്തിനു തുടക്കമിട്ടത്. യുഡിഎഫ് മുന്നേറ്റത്തിൽ അദ്ഭുതമില്ലെന്നും 53 വർഷമായി യുഡിഎഫ് മണ്ഡലമായി തുടരുന്ന പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിച്ചാൽ അതു ലോകാദ്ഭുതങ്ങൾക്കു ശേഷമുള്ള മഹാദ്ഭുതമായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അവകാശപ്പെട്ട ചരിത്ര ഭൂരിപക്ഷം കിട്ടുമോ എന്നു നോക്കാമെന്നുകൂടി പറഞ്ഞ് ഭൂരിപക്ഷം കുറയ്ക്കുന്നതിൽ മാത്രമാണു പാർട്ടിയുടെ പ്രതീക്ഷയെന്നും സൂചിപ്പിച്ചു. 2 റൗണ്ട് കൂടി കഴിഞ്ഞ് ചാണ്ടിയുടെ ഭൂരിപക്ഷം കുതിച്ചുയർന്നപ്പോൾ എത്തിയ ഇ.പി.ജയരാജൻ ആരോപണമുന ബിജെപിക്കു നേരെ തിരിച്ചു.

‘ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽതന്നെ ജയിക്കും. പക്ഷേ, ബിജെപിയുടെ പെട്ടി കാലിയാണ്. ആ വോട്ട് എങ്ങോട്ടു പോയി? ഞങ്ങളുടെ വോട്ട് ഞങ്ങൾക്ക് തന്നെ കിട്ടിയിട്ടുണ്ട്.’– ജയരാജൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. 

പതിവുപോലെ മാധ്യമങ്ങളെ അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനായി വന്നിറങ്ങിയതും തിരിച്ചുപോയതും. വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പ്രതികരണമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വൻപരാജയത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ  മുഖഭാവമെങ്കിലും പകർത്താൻ മാധ്യമ ക്യാമറകൾ തിരക്കുകൂട്ടി. പരാജയം ചിരി മായ്ച്ചിട്ടില്ലെന്നു വ്യക്തമാക്കി മുറ്റത്തു നിന്നിരുന്ന മന്ത്രിമാരുടെ സ്റ്റാഫിനെ നോക്കി ചിരിച്ചാണു മുഖ്യമന്ത്രി കാറിലേക്കു കയറിയത്.  

മുൻ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേടിയ കണക്കുകൾ അവതരിപ്പിച്ചു പത്രസമ്മേളനം തുടങ്ങിയ എം.വി.ഗോവിന്ദൻ പാർട്ടിയുടെ വോട്ടുകൾ ചോർന്നിട്ടില്ലെന്നു സ്ഥാപിക്കാൻ അടിസ്ഥാനമാക്കിയത് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വോട്ടായിരുന്നു. എന്നാൽ, ബിജെപി വോട്ട് യുഡിഎഫിനു ചോർന്നെന്നു സ്ഥാപിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടിയതാകട്ടെ എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി.സി.തോമസ് 19,000 നു മുകളിൽ വോട്ടു നേടിയ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും. 

പരാജയത്തെ ന്യായീകരിച്ചും സർക്കാരിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രതിരോധിച്ചും ആഘാതമൊന്നുമില്ലെന്നു സ്ഥാപിച്ചും എഴുന്നേൽക്കാൻ നേരം അദ്ദേഹത്തിന്റെ കമന്റ്.

‘ഇനിയൊന്നുമില്ലല്ലോ. അവസാനം ഞാൻ എണീറ്റു പോയിക്കളഞ്ഞു എന്നു പറയരുത്’.

ആവേശമുണ്ടാക്കാൻ പ്രചാരണത്തിനായില്ലെന്ന് സിപിഎം വിലയിരുത്തൽ

തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ പ്രചാരണരംഗത്ത് ആവേശം വിതയ്ക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ലെന്നു സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. തൃക്കാക്കരയിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന പ്രചാരണരീതി തന്നെയാണ് എൽഡിഎഫും അവലംബിച്ചത്. എന്നാൽ, പുതുപ്പള്ളിയിൽ കുറച്ചുകൂടി കരുതലോടെ നീങ്ങുന്ന സ്ഥിതിയായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻ 3 ദിവസം മണ്ഡലത്തിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്ത പ്രചാരണ യോഗങ്ങൾക്ക് ആവേശം ജനിപ്പിക്കാനായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വളരെ ചുരുക്കം ദിവസങ്ങൾ മാത്രമാണ് മണ്ഡലത്തിലെത്തിയത്. പൊതുയോഗങ്ങളെക്കാൾ പാർട്ടിയുടെ അവലോകന യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. മന്ത്രിമാരെല്ലാം വന്നു പോയുമിരുന്നെങ്കിലും പുതുപ്പള്ളിയെ ഇളക്കിമറിക്കാൻ അവർക്കു കഴിഞ്ഞില്ല.

English Summary : Pinarayi vijayan and MV govindan watched puthuppally election result together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com