ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനം; മനോരമ പത്രം നീഡ്സിന് കൈമാറി
Mail This Article
ഇരിങ്ങാലക്കുട ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കേരള സന്ദർശനത്തിനിടെ ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ വാർത്ത അച്ചടിച്ച മലയാള മനോരമ ദിനപത്രം ജീവകാരുണ്യ സന്നദ്ധ സംഘടനയായ നീഡ്സിനു (നാഷനൽ ഇന്റഗ്രേഷൻ എംപവർമെന്റ് ആൻഡ് ഡവലപ്മെന്റ് സൊസൈറ്റി) സമ്മാനിച്ചു.
പിന്നാക്ക വിഭാഗങ്ങളുടെ ഉദ്ധാരണത്തിന് തുക ശേഖരിക്കാൻ 1934 ജനുവരി 17നാണു ഗാന്ധിജി ഇരിങ്ങാലക്കുടയിൽ എത്തിയത്. ഈ ചരിത്ര പ്രസിദ്ധമായ സന്ദർശനം റിപ്പോർട്ട് ചെയ്ത 1934 ജനുവരി 19ലെ മലയാള മനോരമ പത്രത്തിന്റെ പകർപ്പ് മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് നീഡ്സ് പ്രസിഡന്റും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടനു കൈമാറി.
ഗാന്ധിജി ഭക്ഷണം കഴിച്ചു വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായ ഇന്നത്തെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു ചടങ്ങ്. അഭിപ്രായ വ്യത്യാസങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകണം എന്നതടക്കം ഗാന്ധിജി അന്നു കേരള സന്ദർശനത്തിൽ നൽകിയ സന്ദേശം ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തമാണെന്നു മാത്യൂസ് വർഗീസ് പറഞ്ഞു.
ഗാന്ധിജിയുടെ കേരള സന്ദർശന വാർത്തകൾ അച്ചടിച്ചു വന്ന മനോരമയുടെ പത്രത്താളുകൾ തലമുറകൾക്കുള്ള ചരിത്ര രേഖയാണെന്നു തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.
ഗാന്ധിജി ഇരിങ്ങാലക്കുട സന്ദർശിച്ചതിന്റെ 90–ാം വാർഷികത്തോടനുബന്ധിച്ചു നീഡ്സ് സംഘടിപ്പിക്കുന്ന ‘മഹാത്മാ പാദമുദ്ര @ 90’ നവതി ആഘോഷത്തിന്റെ ഭാഗമായിട്ടാണു ഫ്രെയിം ചെയ്ത പത്രം കൈമാറിയത്.
1920നും 1937നും ഇടയ്ക്ക് 5 തവണയാണു ഗാന്ധിജി കേരളം സന്ദർശിച്ചത്. 1934 ജനുവരി 10 മുതൽ 22 വരെയുള്ള നാലാം സന്ദർശനത്തിലാണു തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ അദ്ദേഹം ഇരിങ്ങാലക്കുടയിൽ എത്തിയത്. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ ചടങ്ങിൽ നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ.ആർ.ജയറാം അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ബോബി ജോസ്, കെ.പി. ദേവദാസ്, ഉപദേഷ്ടാവ് എം.എൻ. തമ്പാൻ, ട്രഷറർ എ.ആർ. ആശാലത, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എൻ.എ. ഗുലാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
English Summary : Mahatma Gandhi's Iringalakuda visit; Manorama newspaper handed over to NEEDS