രാസദ്രാവകം കയറ്റിയ ടാങ്കർ മറിഞ്ഞു; തോടുകൾ പാൽപുഴയായി
Mail This Article
എലിക്കുളം ∙ റബർ ഫാക്ടറിയിൽനിന്നുള്ള രാസവസ്തുക്കൾ അടങ്ങിയ ദ്രാവകവുമായി പോയ ടാങ്കർ ലോറി തോട്ടിലേക്കു മറിഞ്ഞു; കിലോമീറ്ററുകളോളം ജലസ്രോതസ്സുകൾ മലിനമായി. തോട്ടിലെ വെള്ളം വെള്ളനിറത്തിലാണ് ഒഴുകിയത്. രാസദ്രാവകം കലർന്ന വെള്ളം പാലാ അരുണാപുരം ഭാഗത്തു മീനച്ചിലാറ്റിലേക്കും കലർന്നു. തോടിന്റെ കരയിലെ കിണറുകളിലെയും വെള്ളത്തിന്റെ നിറം മാറി. തോട്ടിലെ മീനുകൾ ചത്തുപൊങ്ങി.
6000 ലീറ്റർ ദ്രാവകം വെള്ളത്തിൽ കലർന്നതായാണു ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നുള്ള സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫിസ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചു.
തമ്പലക്കാട് – കാഞ്ഞിരപ്പള്ളി റോഡിൽ മഞ്ചക്കുഴി ചപ്പാത്തിനു സമീപം മഞ്ചക്കുഴിത്തോട്ടിലേക്കാണു ബുധനാഴ്ച രാത്രി 10.15നു ലോറി മറിഞ്ഞത്. പരുക്കേറ്റ ഡ്രൈവർ കോഴിക്കോട് നടുവന്നൂർ നേട്ടങ്ങോട്ട് കെ.കെ.അഷറഫിനെ (49) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമ്പലക്കാട് റബർ കമ്പനിയിൽ (ടിആർസി) നിന്നു കോഴിക്കോട്ടെ നിലമ്പൂർ റബർ ട്രേഡിങ് കമ്പനിയിലേക്കു ലോഡുമായി പോവുകയായിരുന്നു ലോറി. അമോണിയ, ടെട്രാമെഥൽതൈറം ഡൈസൾഫൈഡ് (ടിഎംടിഡി) എന്നീ രാസവസ്തുക്കൾ ചേർന്ന ദ്രാവകമാണു വെള്ളത്തിൽ കലർന്നത്.