സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് പരാതി: വി.എസ്. ശിവകുമാറിനെതിരെ കേസെടുത്തു
Mail This Article
തിരുവനന്തപുരം ∙ ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് പരാതിയിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു. നിക്ഷേപകനായ കല്ലിയൂർ സ്വദേശി മധുസൂദനൻ നായരുടെ പരാതിയിൽ കരമന പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിലെ എ ക്ലാസ് അംഗമായ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണു കേസ്.
ശിവകുമാർ പറഞ്ഞിട്ടാണു പണം നിക്ഷേച്ചതെന്നാണു മധുസൂദനൻ നായർ പൊലീസിനു നൽകിയ മൊഴി. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി നീലകണ്ഠൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2012 ഏപ്രിൽ 25നു പരാതിക്കാരൻ നിക്ഷേപിച്ച 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി കൈപ്പറ്റിയ ശേഷം പണം തിരികെ നൽകാതെ പ്രതികൾ കൈവശപ്പെടുത്തി വഞ്ചിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. പണം നഷ്ടപ്പെട്ട നിക്ഷേപകരിൽ ചിലർ നേരത്തേ ശിവകുമാറിന്റെ വീടിനു മുൻപിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
കേസ് എടുത്ത നടപടി തികച്ചും രാഷ്ട്രീയപ്രേരിതമെന്നു വി.എസ്.ശിവകുമാർ പറഞ്ഞു. 16 വർഷം മുൻപു സഹകരണ സംഘം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ തനിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത നടപടി വിചിത്രമാണ്. സംഘത്തിന്റെ പ്രസിഡന്റോ, ബോർഡ് ഓഫ് ഡയറക്ടർ അംഗമോ ആയിട്ടില്ല. ഒരാളോടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. കേസെടുക്കാൻ വേണ്ടി മാത്രം പരാതിക്കാരിൽ നിന്നു മൊഴിയെടുക്കുകയാണുണ്ടായത്. കുറ്റക്കാരെ കണ്ടെത്തുന്നതിനു പകരം, പരാതിയിൽ അന്വേഷണം നടത്താതെ കേസെടുത്ത നടപടി രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.