വ്യാജ സ്വർണവുമായി ‘സ്വർണക്കടത്ത് പൊട്ടിക്കൽ’ സംഘം; ഒരാൾ പിടിയിൽ
Mail This Article
കരിപ്പൂർ ∙ വിദേശത്തുനിന്ന് യാത്രക്കാരനു കള്ളക്കടത്തു സംഘം നൽകിയ ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ ശരീരത്തിൽ ഒളിപ്പിച്ച് പുതിയ ‘സ്വർണക്കടത്ത് പൊട്ടിക്കൽ’. വ്യാജ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർപൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണു കസ്റ്റംസ് വ്യാജ കാപ്സ്യൂളുകളുമായി പിടികൂടിയത്.
സംഭവത്തെക്കുറിച്ച് കസ്റ്റംസ് പറയുന്നത്: സ്വർണവുമായി യാത്രക്കാരൻ ദോഹയിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി പരിശോധിച്ചു.
സ്വർണമാണെന്ന രീതിയിൽ, ശരീരത്തിൽ ഒളിപ്പിച്ച 4 കാപ്സ്യൂളുകൾ നൗഷാദ് എടുത്തുനൽകി. എന്നാൽ ആ മിശ്രിതങ്ങൾക്ക് 262 ഗ്രാം മാത്രമായിരുന്നു തൂക്കം. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, ദോഹയിൽനിന്നു വിമാനം കയറുന്നതിനു മുൻപുതന്നെ സ്വർണമടങ്ങുന്ന കാപ്സ്യൂളുകൾ അവിടെ ഒരാൾക്ക് കൈമാറിയെന്നും അയാൾ നൽകിയ വ്യാജ കാപ്സ്യൂളുകൾ പകരം ശരീരത്തിൽ ഒളിപ്പിച്ച് യാത്ര തുടരുകയായിരുന്നുവെന്നും നൗഷാദ് സമ്മതിച്ചു.
സ്വർണക്കള്ളക്കടത്തിന്റെ പുതിയ ‘പൊട്ടിക്കൽ’ രീതിയെക്കുറിച്ചു കസ്റ്റംസിനു നേരത്തേ സൂചന ലഭിച്ചിരുന്നു. യാത്ര ആരംഭിക്കുന്നതിനു മുൻപുതന്നെ സ്വർണം കൈക്കലാക്കാൻ എത്തുന്ന ‘പൊട്ടിക്കൽ’ സംഘത്തിലുള്ളവർ വ്യാജൻ കൈമാറും. പിന്നീട് യാത്രക്കാരൻ എത്തുന്ന വിവരം അവർതന്നെ കസ്റ്റംസിനെ അറിയിക്കും. പിടികൂടിയാൽ കസ്റ്റംസ് സമൻസ് നോട്ടിസ് നൽകും.
കസ്റ്റംസ് സ്വർണം പിടികൂടിയതായി വിദേശത്തുള്ള യഥാർഥ കള്ളക്കടത്തു സംഘത്തെ ഈ നോട്ടിസ് ഉപയോഗിച്ച് യാത്രക്കാരൻ അറിയിക്കും. ഇതോടെ പൊട്ടിക്കൽ സംഘത്തിന് ചെലവില്ലാതെ സ്വർണം ലഭിക്കും. ‘പൊട്ടിക്കലിനു’ കൂട്ടുനിന്നാൽ യാത്രക്കാരനു കൂടുതൽ തുകയും ലഭിക്കും. ഇത്തരത്തിൽ ‘പൊട്ടിക്കൽ’ സംഘത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു. നൗഷാദിനെ നോട്ടിസ് നൽകി വിട്ടു. കിട്ടിയ 4 കാപ്സ്യൂളുകളിൽ സ്വർണമുണ്ടോ എന്നറിയാൻ പരിശോധന നടക്കുന്നുണ്ടെന്നു കസ്റ്റംസ് അറിയിച്ചു.