മനോരമയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ഗുരുസ്ഥാനത്ത് 70 പേർ
Mail This Article
വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ നാലായിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരമെഴുതി. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്തു ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു ചടങ്ങ്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 70 പേർ ഗുരുക്കന്മാരായി. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണു കുട്ടികൾ മടങ്ങിയത്. വിവിധ യൂണിറ്റുകളിലായി 42 ജോടി ഇരട്ടകൾ ആദ്യാക്ഷരമെഴുതി.
അക്ഷരമുറ്റത്ത് വിരിഞ്ഞു അറിവിന്റെ പൂക്കളങ്ങൾ
കോട്ടയം ∙ വിജയദശമി ദിനത്തിൽ അറിവിന്റെ മഹാലോകത്തേക്കു കുഞ്ഞുങ്ങളെ ഗുരുക്കന്മാർ കൈപിടിച്ചു നടത്തി. മലയാള മനോരമയുടെ അക്ഷരമുറ്റത്ത് ഇന്നലെ അരിമണിയിൽ വിരിഞ്ഞത് അറിവിന്റെ പൂക്കളങ്ങൾ.
കോട്ടയത്ത് മനോരമയിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം പകർന്നു നൽകിയത് 8 ഗുരുക്കന്മാർ. അറിവിന്റെ അമൃത് നുണഞ്ഞതു നൂറുകണക്കിനു കുരുന്നുകൾ. 6 ജോടി ഇരട്ടകളും ഇതിൽ ഉൾപ്പെടും. രാവിലെ 6.30നു ഗുരുക്കന്മാർ നിലവിളക്കു തെളിച്ചതോടെ വിദ്യാരംഭച്ചടങ്ങുകൾക്കു ശുഭാരംഭമായി.തളികയിലെ അരിയിൽ ആദ്യാക്ഷരം എഴുതിത്തുടങ്ങിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകം; ചിലർക്കു പരിഭവം. എല്ലാവർക്കും മിഠായി സമ്മാനിച്ച് ഗുരുക്കന്മാരുടെ അനുഗ്രഹം. മനോരമ അങ്കണത്തിലെ വിദ്യാമണ്ഡപത്തിനു സമീപം മണലിൽ അക്ഷരമെഴുതാനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു.
പഴയ കാലത്തിന്റെ ഓർമ പുതുക്കി മുതിർന്നവരും ഇവിടെ മണലിൽ അക്ഷരമെഴുതി. മലരിക്കലിലെ ആമ്പൽ വസന്തത്തിന്റെ സുന്ദരക്കാഴ്ചകളും കുലവാഴകളും കുരുത്തോലകളും കൊണ്ടാണ് മനോരമ അങ്കണം അലങ്കരിച്ചത്. സെൽഫി എടുത്തും കൺമണികളുടെ അക്ഷരമെഴുത്ത് മൊബൈൽ ഫോൺ ക്യാമറകളിൽ പകർത്തിയും രക്ഷിതാക്കളും ബന്ധുക്കളും അറിവിന്റെ ഉത്സവത്തെ ആഘോഷമാക്കി.
ബാലജനസഖ്യം കോട്ടയം മേഖലാ പ്രസിഡന്റ് ബെൽവ മറിയം ബിജു പ്രാർഥനാഗാനം ആലപിച്ചു. സഖ്യം കോട്ടയം യൂണിയൻ പ്രസിഡന്റ് സൗപർണിക ടാൻസൺ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സൂര്യ വിശാഖ് എന്നിവർ കീർത്തനങ്ങൾ ആലപിച്ചു. വിദ്യാരംഭം കുറിച്ച കുട്ടികളുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും തത്സമയം നൽകി. ആദ്യാക്ഷരമെഴുതിയ കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും നൽകി.
വിദ്യാരംഭത്തിലെ ഗുരുക്കന്മാർ പറയുന്നു...
∙ ‘വിദ്യയാണു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്. ആ ദിനം ഒരു മഹോത്സവ ദിനമായി മാറാൻ മനോരമയുടെ അങ്കണങ്ങളിൽ നടത്തിയ വിദ്യാരംഭംകൂടി ഒരു കാരണമാകുന്നു. വിദ്യാലോകത്തിലേക്ക് എത്തുന്നതിനെ എത്ര മനോഹരമായാണു നാം കാണുന്നത് എന്നാണ് ഈ ദിനത്തിലെ ആഘോഷം സൂചിപ്പിക്കുന്നത്. ജ്ഞാനത്തിനു ജാതിയോ മതമോ മറ്റു വേർതിരിവുകളോ ഇല്ല.’ – ഡോ. തോട്ടം ശിവകരൻ നമ്പൂതിരി
∙ ‘എൺപതാം വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ അനുഭവിച്ചത് എല്ലാം ദൈവാധീനവും ഗുരുകൃപയുമാണ്. എന്നെ ആദ്യാക്ഷരം എഴുതിച്ച തയ്യിൽ മത്തായി സാറിനെ ഈ സമയത്ത് ഓർക്കുന്നു. ഗുരുകൃപയുടെ നിറവാണു വിജയദശമി ദിനം. വിദ്യാദേവതയ്ക്കുള്ള പൂജാർപ്പണം.’ – ഡോ. സിറിയക് തോമസ്
∙ ‘ഒരു കുഞ്ഞിന്റെ വിരൽ പിടിച്ച് അറിവിന്റെ ലോകത്തേക്കു നടത്താൻ സാധിക്കുന്നത് അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണ്. എഴുത്തിനിരുത്തു ചടങ്ങിൽ കൈയുടെ മൂല്യം വലുതാണ്. കൈവിരലിലൂടെ അക്ഷരം പിറക്കുന്നതു ശാരീരിക, മാനസിക സംയമനമാണ്.’ – ഡോ. ജാൻസി ജയിംസ്
∙ ‘എഴുത്തിനിരുത്തിന് എത്തിയ കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഒരു ആവേശം പ്രത്യേകം ശ്രദ്ധിച്ചു. അറിവിന്റെ ലോകത്തേക്കെത്താനുള്ള ആവേശമാണ് അത്. ധാരാളം യുവാക്കളുള്ള നമ്മുടെ രാജ്യം ഭാവിയിൽ ലോകത്തിന്റെ നായകത്വത്തിലേക്കാണു കുതിക്കുന്നത്. അതിനൊരു നല്ല തുടക്കം ഈ ദിനത്തിൽ അറിവു പകരുന്നതിലൂടെയാകട്ടെ...’ – ഡോ. സാബു തോമസ്
∙ ‘കുടുംബങ്ങളുടെ സംഗമമാണ് ഈ അക്ഷരവേദി. കുഞ്ഞുങ്ങളുമായി പ്രാർഥനാപൂർവം കുടുംബാംഗങ്ങൾ എത്തുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ്. വിജ്ഞാനമാണു പ്രതീക്ഷ. പല സ്ഥലങ്ങളിൽ നിന്നു യാത്ര ചെയ്ത് ആളുകൾ എത്തിച്ചേരുന്നത് അറിവിനു തലമുറകൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.’ – ഡോ. ബാബു സെബാസ്റ്റ്യൻ
∙ ‘ആദ്യാക്ഷരം പകർന്നു കൊടുക്കുകയെന്നാൽ അറിവിന്റെ ആദ്യത്തെ തിരിനാളം തെളിക്കുകയാണ്. വളരെ അനുഗൃഹീതമായ കർമമാണിത്. ഈയൊരു ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.’ – റോസ് മേരി
∙ ‘ഈ ദിനം മഹോത്സവം പോലെ കൊണ്ടാടുന്നത് വിദ്യയ്ക്ക് നാം കൊടുക്കുന്ന പ്രാധാന്യത്തെയാണു കാണിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെയാണു വിദ്യാരംഭച്ചടങ്ങുകൾ നടത്തുന്നത്. കോട്ടയത്തു വിദ്യാരംഭം നടക്കുമ്പോൾ അക്ഷരനഗരിയെന്ന പ്രാധാന്യം പ്രത്യേകമായുമുണ്ട്.’ – ഡോ. സി.ടി.അരവിന്ദകുമാർ
∙ ‘ഗുരുവിനോടു കാണിക്കുന്ന സ്നേഹവും ബഹുമാനവും നമ്മുടെ പൈതൃകത്തിന്റെ തുടർച്ചയാണ്. വർഷങ്ങളായി മനോരമയിൽ എഴുത്തിനിരുത്തിനു വരുമ്പോൾ കുഞ്ഞുങ്ങളുടെ പേരുകൾ എന്നെ ഏറെ ആകർഷിക്കും. എത്ര വ്യത്യസ്തമാണ് ഓരോ പേരുകളും!’ – ജയിംസ് ജോസഫ്
മനോരമയിൽ ഗുരുശ്രേഷ്ഠരായി 70 പേർ
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളുരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന വിദ്യാരംഭത്തിന് ഗുരുക്കന്മാരായി എത്തിയത് 70 പേർ. കലാ, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആധ്യാത്മിക, ഉദ്യോഗസ്ഥ മേഖലകളിലെ ഉന്നതശ്രേണീയരാണ് ഗുരുസ്ഥാനത്ത് എത്തിയത്.
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ടി.പി.ശ്രീനിവാസൻ, ജേക്കബ് പുന്നൂസ്, ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി.
കൊല്ലം: നീലമന പ്രഫ. വി. ആർ. നമ്പൂതിരി, ഡോ. എ. അജയഘോഷ്, പ്രഫ.പി.ഒ.ജെ. ലബ്ബ, എം.ഡി.രത്നമ്മ, ചവറ കെ. എസ്. പിള്ള.
പത്തനംതിട്ട: ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ. കെ.എസ്.രവികുമാർ, ബ്ലെസി, ഡോ. ദിവ്യ എസ്.അയ്യർ, പി.എൻ.സുരേഷ്.
ആലപ്പുഴ: പി.കെ.ഹോർമിസ് തരകൻ, ജി.ശങ്കർ, മിനി ആന്റണി, ഡോ. ബി.പത്മകുമാർ, സുദീപ് കുമാർ.
കോട്ടയം: ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. സാബു തോമസ്, റോസ് മേരി, ഡോ. സി.ടി.അരവിന്ദകുമാർ, ഡോ. ബാബു സെബാസ്റ്റ്യൻ, ജയിംസ് ജോസഫ്.
കൊച്ചി: വേണു രാജാമണി, ഡോ.കെ.എൻ.രാഘവൻ, ഡോ.ജോസ് ചാക്കോ പെരിയപ്പുറം, പി.വിജയൻ, വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ.സച്ചിദാനന്ദ കമ്മത്ത്, ശ്രീവൽസൻ.ജെ.മേനോൻ, സിപ്പി പള്ളിപ്പുറം.
തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, ഡോ. മോഹനൻ കുന്നുമ്മൽ, വി.ആർ.കൃഷ്ണതേജ, പ്രഫ.പി.ഭാനുമതി.
പാലക്കാട്: കല്ലൂർ രാമൻകുട്ടി മാരാർ, ആഷാ മേനോൻ, ഡോ. കെ.ജി. രവീന്ദ്രൻ, ഡോ. സി.പി. ചിത്ര, ടി.കെ. ശങ്കരനാരായണൻ.
മലപ്പുറം: ഡോ. എൽ.സുഷമ, ഡോ. കെ.മുരളീധരൻ, ഡോ.ഇ.കെ. ഗോവിന്ദവർമ രാജ, അരീക്കര ശ്രീഹരി ഗിരീഷ് നമ്പൂതിരി.
കോഴിക്കോട്: കൽപറ്റ നാരായണൻ, ഇ.കെ.കുട്ടി, ജെ.പ്രസാദ്, ബീനാ ഫിലിപ്, എൻ.പി.ഹാഫിസ് മുഹമ്മദ്.
കണ്ണൂർ: ടി. പദ്മനാഭൻ, എം.മുകുന്ദൻ, സി.വി. ബാലകൃഷ്‌ണൻ.
ദുബായ്: ജി. വേണുഗോപാൽ, ഫൈസൽ കോട്ടിക്കൊള്ളോൻ, ജോസ് പനച്ചിപ്പുറം.
ന്യൂഡൽഹി: റബേക്ക മത്തായി, ഡോ.എസ്. ഇന്ദു.
മുംബൈ: ആനന്ദ് നീലകണ്ഠൻ, വൽസ നായർ സിങ്.
ചെന്നൈ: പാർവതി ജയറാം, ഡോ.ജി.എസ്.സമീരൻ.
ബെംഗളൂരു: അനിത നായർ, എ.വി.എസ് നമ്പൂതിരി.