ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ലഭിച്ചത് ഒട്ടേറെ പരാതികൾ. ദത്തെടുക്കൽ നിയമത്തിന്റെ ലംഘനം, നിയമനങ്ങളിലെ ക്രമക്കേട്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണു ഗവർണർക്കു ലഭിച്ച പരാതികളിലുള്ളത്.

സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന സമിതിയിൽ മദ്യവ്യവസായി മണിച്ചൻ ഉൾപ്പെടെ അഞ്ഞൂറോളം പേർക്ക് അംഗത്വം കൊടുത്തു സിപിഎം ഭരണം പിടിച്ചെടുത്തത് 2000ൽ ആയിരുന്നു. ഇതു വലിയ വിവാദം സൃഷ്ടിച്ചു. അടുത്തകാലത്ത് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ മാതാവ് അറിയാതെ അനധികൃതമായി കൈമാറ്റം ചെയ്തതും ഏറെ വിവാദമുണ്ടാക്കി. ഇതുൾപ്പെടെ വ്യാപകമായ ആക്ഷേപങ്ങൾ നിലവിലുണ്ട്.

ശിശുക്ഷേമസമിതി 1964ൽ രൂപീകരിച്ചതു മുതൽ ഗവർണർ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി മന്ത്രി വൈസ് പ്രസിഡന്റുമാണ്. പൊതുയോഗത്തിൽ ആയുഷ്കാല അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഭരണച്ചുമതല. ഗവർണർ രക്ഷാധികാരിയാണെങ്കിലും ഭരണത്തിൽ അദ്ദേഹത്തിനു നിയന്ത്രണമില്ല. എന്നാൽ ക്രമക്കേടുകളുടെ പേരുദോഷം അദ്ദേഹത്തിനു കൂടിയാണ്.

രക്ഷാധികാരി സ്ഥാനത്തു നിന്നു ഗവർണറെ ഇതുവരെ നീക്കിയിട്ടില്ല. ഇതിൽ ഗവർണർക്കുള്ള അസന്തുഷ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവൻ അറിയിച്ചിരുന്നു. ഇതെത്തുടർന്നു സമിതിയുടെ വെബ്സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു എന്നാണ് ജനറൽ സെക്രട്ടറി അറിയിച്ചത്. സമിതിയുടെ നിയമാവലി ഭേദഗതി ചെയ്താൽ മാത്രമേ ഗവർണറെ രക്ഷാധികാരി സ്ഥാനത്തു നിന്നു നീക്കാനാകൂ. അതിനു പൊതുയോഗം വിളിച്ചു ചേർക്കണം. രക്ഷാധികാരി സ്ഥാനം ഒഴിയുന്നതായി ഗവർണർ അറിയിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അതിനുള്ള നടപടി സമിതി ഭാരവാഹികൾ സ്വീകരിച്ചിട്ടില്ല.

അന്വേഷണം ആവശ്യപ്പെടും: ഗവർണർ

സമിതിയെക്കുറിച്ച് ഗുരുതരമായ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇവ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. പരാതികൾ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശം കണക്കിലെടുത്താണ് രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Many complaints to the Governor against the Child Welfare Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com