മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് (ബി) കത്തുനൽകി
Mail This Article
തിരുവനന്തപുരം ∙ മുൻധാരണയനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(ബി) മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കത്തു നൽകിയതോടെ മന്ത്രിസഭ പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമായി. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി 10നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇതും ചർച്ചയാകും.
ഒരു സീറ്റുള്ള കക്ഷികളെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) രണ്ടര വർഷത്തിനു ശേഷം മാറി പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ് എസ്), കെ.ബി.ഗണേഷ് കുമാറും(കേരള കോൺഗ്രസ് ബി) മന്ത്രിമാരാവുക എന്നതാണു ധാരണ.
മന്ത്രിസഭയുടെ രണ്ടര വർഷം പൂർത്തിയാകുന്നത് 20ന് ആണ്. 18നു നവകേരള സദസ്സ് ആരംഭിക്കും മുൻപ് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ്(ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു സാധ്യത വിരളമാണ്. നിലവിലെ മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് നവ കേരള സദസ്സിന്റെ പോസ്റ്ററും ബോർഡുകളും പിആർഡി തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭയുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ് തയാറാക്കുന്നതിനു മേൽനോട്ടം വഹിക്കുന്നത് ആന്റണി രാജുവാണ്.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം കുടുക്കാനായി ഗണേഷ് കുമാർ ഇടപെട്ടെന്ന വെളിപ്പെടുത്തലുകളുടെയും സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങളുടെയും പശ്ചാത്തലത്തിൽ അദ്ദേഹത്തെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗണേഷിനെതിരായ ഹർജി കോടതി പരിഗണയിലുമാണ്. കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണിയെ സോളർ കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ടും ഗണേഷ് ആരോപണ വിധേയനാണ്. അതിനാൽ ഇടതുമുന്നണിയുടെ ഭാഗമായ അവരുടെ നിലപാടും കൂടി പരിഗണിക്കേണ്ടി വരും. വിവാദ പുനഃസംഘടനയുമായി നവകേരള സദസ്സിനിറങ്ങാൻ മുന്നണി ഇഷ്ടപ്പെടുന്നില്ല. മാറേണ്ടി വരുന്ന രണ്ടു മന്ത്രിമാരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നതു സാമുദായിക സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതും തലവേദനയാണ്.