ആലുവയിൽ കുരുന്നിന്റെ കൊലപാതകം; പ്രതി 16 കുറ്റങ്ങൾ ചെയ്തതായി കോടതി
Mail This Article
കൊച്ചി ∙ ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാക് ആലം വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന അഞ്ചു കുറ്റങ്ങൾ അടക്കം ഗുരുതരസ്വഭാവമുള്ള 16 കുറ്റകൃത്യങ്ങൾ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തി. പ്രതിക്കു നൽകാവുന്ന പരമാവധി ശിക്ഷ സംബന്ധിച്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേൾക്കാൻ കേസ് ഈ മാസം 9 നു വീണ്ടും പരിഗണിക്കും. വാദം പൂർത്തിയാക്കിയാൽ പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ അന്നുതന്നെ അസ്ഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കും. ഈ വർഷം ജൂലൈ 28നാണു പ്രതി കുറ്റകൃത്യം ചെയ്തത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി ബോധരഹിതയാക്കി ഒന്നിലധികം തവണ പീഡിപ്പിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി കൊലപ്പെടുത്തി മൃതദേഹം മാലിന്യത്തിൽ ഒളിപ്പിച്ച കേസിലെ പ്രതി അസഫാക് ആലം അപൂർവങ്ങളിൽ അപൂർവമായ ക്രൂരത നിറഞ്ഞ കുറ്റകൃത്യമാണു ചെയ്തതെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നു നൂറാമത്തെ ദിവസം കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കഴിഞ്ഞതു രാജ്യത്തെ നീതി ന്യായ ചരിത്രത്തിൽ തന്നെ അപൂർവമാണ്.
വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾക്കു പുറമേ ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന 3 കുറ്റകൃത്യങ്ങളും 10 വർഷം കഠിനതടവു വരെ ലഭിക്കാവുന്ന 5 കുറ്റകൃത്യങ്ങൾ കൂടി പ്രതി ചെയ്തതായി കോടതിയിൽ ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. പ്രതി കുറ്റം സ്വയം തിരിച്ചറിഞ്ഞു മാനസാന്തരപ്പെടാനുള്ള സാധ്യതയുള്ള ആളാണോ എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രോസിക്യൂഷൻ 9 നു സമർപ്പിക്കണം. വിചാരണത്തടവുകാരനായി കഴിയുന്ന ഘട്ടത്തിലുള്ള പ്രതിയുടെ മനോനില വ്യക്തമാക്കുന്ന റിപ്പോർട്ട് ജയിൽ സുപ്രണ്ടും, പ്രതിയുടെ മാനസിക നില വ്യക്തമാക്കുന്ന റിപ്പോർട്ട് സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസറും അന്നു തന്നെ സമർപ്പിക്കണം.
കൂറ്റകൃത്യത്തിന് ഇരയായ പെൺകുഞ്ഞ്, മാതാപിതാക്കൾ എന്നിവർക്കും സമൂഹത്തിനും ഈ കുറ്റകൃത്യമുണ്ടാക്കിയ മുറിവും ആഘാതവും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ അവസരം വേണമെന്ന മാതാപിതാക്കളുടെ അഭിഭാഷകയുടെ ആവശ്യം വിചാരണക്കോടതി അനുവദിച്ചു. കോടതി ആവശ്യപ്പെട്ട 3 റിപ്പോർട്ടുകൾക്കൊപ്പം ഇതും കൂടി പ്രതിക്കു നൽകേണ്ട ശിക്ഷ സംബന്ധിച്ച വാദങ്ങൾക്കിടയിൽ കോടതി പരിഗണിക്കും. എറണാകുളം റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ഒ എം.എം.മഞ്ജുദാസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിസ്തരിച്ച 43 പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾ പോലും കൂറുമാറിയില്ലെന്ന പ്രത്യേകതയും കേസിനുണ്ട്.