ADVERTISEMENT

തൃശൂർ ∙ കളമശേരിയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന 4 റിമോട്ട് കൺട്രോളുകൾ ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽ നിന്നു പൊലീസ് കണ്ടെത്തി. കൊടകര സ്റ്റേഷൻ വളപ്പിൽ ഡൊമിനിക് മാർട്ടിനെയും കൂട്ടി തെളിവെടുപ്പു നടത്തുന്നതിനിടെ യാണ് ഇലക്ട്രോണിക് റിമോട്ട് കൺട്രോളുകൾ കണ്ടത്. കൊരട്ടിയിൽ ഡൊമിനിക് താമസിച്ച ഹോട്ടലിലെത്തിയും തെളിവെടുത്തു. സ്ഫോടനത്തിനു ശേഷം കളമശേരിയിൽ നിന്നു കൊടകര വരെ എത്തിയ വിധവും ചെയ്ത കാര്യങ്ങളും ഡൊമിനിക് പൊലീസ് സംഘത്തിനു കാട്ടിക്കൊടുത്തു. 

രാവിലെ 10.45നു    കൊരട്ടിയിലെ  മിറക്കിൾ   റസിഡൻസി ഹോട്ടലിലേക്കാണു പ്രതിയെയും കൂട്ടി പൊലീസ് ആദ്യമെത്തിയത്.  സ്ഫോടനത്തിനു ശേഷം സ്കൂട്ടറിൽ ഹോട്ടലിലെത്തി മുറിയെടുത്ത ശേഷമാണു ഡൊമിനിക് ഫെയ്സ്ബുക്ക് ലൈവ് നടത്തിയത്. ഹോട്ടൽ ജീവനക്കാരിൽ നിന്നു വിശദമായ മൊഴിയെടുത്ത അന്വേഷണ സംഘം ലിഫ്റ്റിലൂടെ പ്രതിയെ നാലാം നിലയിലെ മുറിയിലെത്തിച്ചു. 

ഫെയ്സ്ബുക്ക് ലൈവ് നടത്തിയവിധം ഡൊമിനിക് പൊലീസിനു കാട്ടിക്കൊടുത്തു. ഹോട്ടൽ രേഖയിൽ വി.ഡി. മാർട്ടിൻ എന്ന പേരാണു നൽകിയതെന്നു കണ്ടെത്തി. ഇതിനു തെളിവായി ഹാജരാക്കിയ ആധാർ കാർഡിന്റെ പകർപ്പ് പൊലീസ് പരിശോധിച്ചു. വൈകിട്ടു 4.40 വരെ പരിശോധന തുടർന്നു. ഇതിനു ശേഷമാണു കൊടകര പൊലീസ് സ്റ്റേഷനിലേക്കു പോയത്. 

ദേശീയപാതയിൽ നിന്നു കൊടകര മേൽപാലത്തിനരികിലെ സർവീസ് റോഡിലൂടെ തിരിഞ്ഞാണു സ്റ്റേഷനിലെത്തിയതെന്നു ഡൊമിനിക് വിശദീകരിച്ചു. സ്റ്റേഷനിലെ തിരക്കൊഴിയാൻ അരമണിക്കൂർ കാത്തുനിന്നത് എവിടെയാണെന്നും പറഞ്ഞുകൊടുത്തു. 2 മണിക്കൂർ നീണ്ട തെളിവെടുപ്പിനു ശേഷം വൈകിട്ട് ഏഴു മണിയോടെ ഇവർ മടങ്ങുകയും ചെയ്തു. 

സ്ഫോടനത്തിനു ശേഷം സ്റ്റേഷനിലെത്തിയത് സ്കൂട്ടറിൽ 

സ്ഫോടനത്തിനു ശേഷം സ്കൂട്ടറിൽ സ്റ്റേഷനിലെത്തിയാണു പ്രതി കീഴടങ്ങിയത്. അന്നു മുതൽ ഇന്നലെ വരെ പ്ലാസ്റ്റിക് ടാർപ്പായ ഉപയോഗിച്ചു സ്കൂട്ടർ മൂടിയിട്ടിരിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ സ്കൂട്ടറിന്റെ സീറ്റുയർത്തി നോക്കിയപ്പോഴാണു റിമോട്ടുകൾ കണ്ടത്. ഫൊറൻസിക്, വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. 

English Summary:

Police find out four remote controlls, under the seat of Dominique's scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com