ശബരിമല തീർഥാടനം സുഗമമാക്കൽ പ്രധാന ലക്ഷ്യം: പി.എസ്. പ്രശാന്ത്
Mail This Article
തിരുവനന്തപുരം∙ ശബരിമല തീർഥാടനം സുഗമമാക്കുന്നതും ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതുമാണു പ്രധാന അജൻഡയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റായി ചുമതലയേറ്റ പി.എസ്.പ്രശാന്ത്. സ്വച്ഛതയോടെ ദർശനത്തിന് അവസരമൊരുക്കാനാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ക്ഷേത്രവളപ്പിൽ സംഘടന പ്രവർത്തനവും കായിക പരിശീലനവും ബോർഡ് വിലക്കിയത്. ഇതു കർശനമായി തുടരും.
നിലവിൽ അറുപതോളം ക്ഷേത്രങ്ങളേ സ്വയംപര്യാപ്തതയിൽ എത്തിയിട്ടുള്ളൂ. ശബരിമലയിലെ വരുമാനം കൊണ്ടാണു ബോർഡിന്റെ മറ്റു ക്ഷേത്രങ്ങൾ നിലനിൽക്കുന്നത്. ബോർഡിന്റെ പണമൊന്നും സർക്കാരിലേയ്ക്കു പോകുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്.പ്രശാന്തും അംഗമായി എ.അജികുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. അംഗം ജി.സുന്ദരേശൻ അധ്യക്ഷനായിരുന്നു. പ്രസിഡന്റും അംഗങ്ങളും ബുധനാഴ്ച ശബരിമല,പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിക്കും.