വധശിക്ഷ ഉറപ്പാക്കിയത് 5 സാക്ഷിമൊഴികൾ;16 സാഹചര്യത്തെളിവുകളും അവതരിപ്പിച്ച് പ്രോസിക്യൂഷൻ
Mail This Article
കൊച്ചി ∙ കേസിൽ നിർണായകമായ 5 സാക്ഷിമൊഴികൾ ഇവയാണ്– കെഎസ്ആർടിസി ബസിൽ കുട്ടിയെയും പ്രതിയെയും ഒരുമിച്ചുകണ്ട ആലുവ പുളിഞ്ചോട് സ്വദേശി സുസ്മി, ആലുവ മാർക്കറ്റിലെ സിഐടിയു തൊഴിലാളി താജുദ്ദീൻ, മറ്റൊരു തൊഴിലാളി മുരളി, കുട്ടിക്കു പ്രതി ജൂസ് വാങ്ങിക്കൊടുത്ത കടയിലെ ജീവനക്കാരൻ സാദിഖ്, ആലുവ ഗാരിജിനടുത്തുള്ള ചിക്കൻ കടയിലെ ജോലിക്കാരനായ ഗുൽജാർ.
ഇതിനു പുറമേ 16 സാഹചര്യ തെളിവുകളും പ്രോസിക്യൂഷൻ അവതരിപ്പിച്ചു. കുട്ടിയെ പീഡിപ്പിക്കുന്നതിനു മുൻപു നൽകിയ മദ്യത്തിന്റെ സാംപിൾ, കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ പ്രതിയുടെ ശരീരസ്രവം, കുട്ടിയെ തിരിച്ചറിയാതാക്കാനായി മുഖം വികൃതമാക്കാൻ ഉപയോഗിച്ച ഗ്രാനൈറ്റ് എന്നിവയെല്ലാം നിർണായകമായി.
കുട്ടിക്ക് പ്രതി കടയിൽനിന്നു ജൂസ് വാങ്ങിക്കൊടുക്കുന്നതും ഗാരിജിനടുത്തുള്ള റോഡിലൂടെ നടത്തിക്കൊണ്ടുപോകുന്നതും തുടർന്ന് കെഎസ്ആർടിസി ബസിൽ കയറുന്നതും ആലുവ മാർക്കറ്റിലെ മാലിന്യനിക്ഷേപകേന്ദ്രത്തിനടുത്തേക്കു പോകുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. കൃത്യത്തിനു ശേഷം ആലുവ മാർക്കറ്റിൽ തന്നെയുള്ള ഒരു പൈപ്പിൻചുവട്ടിൽ അഞ്ചു മിനിറ്റോളം പ്രതി കയ്യും കാലും കഴുകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ഇത്ര നിഷ്ഠുരമായ കുറ്റം ചെയ്തതിന്റെ ഒരു ഭാവവും പ്രതിയുടെ മുഖത്തും പെരുമാറ്റത്തിലുമുണ്ടായിരുന്നില്ല.
വിധി ശക്തമായ താക്കീത്
കുറ്റവാളിക്ക് ശിശുദിനത്തിൽ നീതിപീഠം വധശിക്ഷ വിധിച്ചത് കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ്. കുഞ്ഞിന്റെ കുടുംബത്തിന് എല്ലാ സഹായവും സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തിയിരുന്നു. ഒന്നും അവരുടെ നഷ്ടത്തിന് പകരമല്ല. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാൻ കഴിഞ്ഞു. കുറ്റവാളിക്കു പരമാവധി ശിക്ഷ വാങ്ങിനൽകിയ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.-മുഖ്യമന്ത്രി പിണറായി വിജയൻ
സംതൃപ്തിയോടെ അന്വേഷണസംഘം
കൊച്ചി ∙ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കിയതിന്റെ സംതൃപ്തിയിലാണ് എറണാകുളം റൂറൽ എസ്പി വിവേക് കുമാർ കൊല്ലം സിറ്റി കമ്മിഷണറായി സ്ഥലംമാറിപ്പോകുന്നത്. കുറ്റപത്രത്തിൽ പൊലീസ് ആരോപിച്ച 16 കുറ്റങ്ങളും കോടതി ശരിവച്ചു. കുറ്റപത്രം സമർപ്പിക്കുന്നതുവരെ എറണാകുളം റേഞ്ച് ഐജി ഡോ. എ.ശ്രീനിവാസും സജീവ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
അതീവ സുരക്ഷയിൽ വിയ്യൂരിൽ
തൃശൂർ ∙ അസഫാക് ആലത്തെ വൈകിട്ടു 3.45 ന് വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. വാഹനവ്യൂഹത്തെ സായുധ സുരക്ഷാ സംഘം അനുഗമിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി അസ്ഫാക്കിനെ ഡി ബ്ലോക്കിലെ ഏകാന്ത സെല്ലിലേക്കു രാത്രിയോടെ മാറ്റി. മറ്റു തടവുകാർക്കു പ്രവേശനമില്ലാത്ത ഈ ഭാഗത്തു കനത്ത സുരക്ഷയാണു ജയിൽ അധികൃതർ ഉറപ്പാക്കിയിട്ടുള്ളത്.